സംഘ്പരിവാർ ഫാസിസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ മുന്നേറ്റമാണ് സിപിഐ സമ്മേളനങ്ങളുടെ മുഖ്യ അജണ്ടയെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ. മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം കെ പ്രഭാകരൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ നിയമങ്ങളെല്ലാം അവകാശ പോരാളികളെ ഇല്ലാതാക്കാനും തൊഴിലാളികളെ വേട്ടയാടാനും വേണ്ടിയുള്ളതാണ്. ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്താം, അർബൻ നക്സലുകളെന്ന് വിളിപ്പേരിട്ട് ഇല്ലാതാക്കുകയും ചെയ്യാം. എല്ലാ സബ്സിഡികളും വെട്ടിക്കുറച്ച് പാവപ്പെട്ടവരെ കബളിപ്പിക്കുന്നു. ലോകത്തിന്റെ മുന്നിൽ ഇന്ത്യ നാണം കെട്ടിരിക്കുകയാണ്. പക്ഷേ മോഡി ട്രംപിനേയും ഇസ്രയേലിനേയും കൂട്ട് പിടിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. വൻ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനുള്ള സന്ദർഭമാണിത്. അതുതന്നെയാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, രാജാജി മാത്യു തോമസ്, ജി ആർ അനിൽ, മുല്ലക്കര രത്നാകരൻ, സി കെ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. കെ കോയക്കുഞ്ഞി നഹ സ്മൃതിമണ്ഡപത്തിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം രാജാജി മാത്യു തോമസ് ഫ്ലാഗ്ഓഫ് ചെയ്തു. പ്രൊഫ. ഇ പി മുഹമ്മദലി പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഷാജിറ മനാഫ്, പി ജംഷീർ, മുജീബ് റഹ്‌മാൻ, പി സി ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഇ സെയ്തലവി രക്തസാക്ഷി പ്രമേയവും പി പി ബാലകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ച നടന്നു. ചർച്ച ഇന്നും തുടരും. ഉച്ചയ്ക്ക് ശേഷം ജില്ലാ കൗൺസിലിനെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.

