കൊലക്കേസിലെ പ്രതി ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. പാരമ്പര്യവൈദ്യനായ മധ്യവയസ്‌കനെ ഒന്നേകാല്‍ വര്‍ഷത്തോളം തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞ സംഭവമാണ് അപ്രതീക്ഷിതമായി പുറത്തായത്.
നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായിയുടെ വീടു കയറി മര്‍ദ്ദിച്ചെന്ന കേസാണ് പുതിയ വഴിത്തിരിവുണ്ടാക്കിയത്. ഇതോടെ മര്‍ദ്ദനക്കേസിലെ പരാതിക്കാരനും കൂട്ടാളികളും കൊലപാതക കേസില്‍ പ്രതികളായി. നിലമ്പൂര്‍ മുക്കട്ട സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷൈബിന്‍ അഷ്‌റഫിനെ(40)തിരേയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തത്. മൈസൂര്‍ രാജീവ് നഗറിലുള്ള ഷാബാ ഷെരീഫ് (60) എന്നയാളാണ് കൊല ചെയ്യപ്പെട്ടതെന്ന് കണ്ടെത്തി.
2020 ഒക്ടോബറിലായിരുന്നു സംഭവം. നിലമ്പൂരിലെ മുക്കട്ടയിലുള്ള ഷൈബിന്റെ വീട്ടില്‍ വച്ച് മൂലക്കുരു രോഗത്തിന്റെ ചികിത്സകനായ ഷാബാ ഷെരീഫിനെ ഒരുവര്‍ഷത്തിലേറെ അന്യായ തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് ഒരു സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ലാപ്‌ടോപ്പും പണവും മൊബൈലും കവര്‍ച്ച നടത്തിയെന്നും കാണിച്ച് ഷൈബിന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ഇതിലെ പ്രധാനപ്രതി നൗഷാദിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിന് മുന്‍പില്‍ എത്തി നൗഷാദിന്റെ നേതൃത്വത്തില്‍ പരാതിക്കാരനെതിരെ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് നൗഷാദ് നല്‍കിയ മൊഴിയില്‍ ഷൈബിനെതിരെ കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു.
അന്വേഷണത്തില്‍ തെളിവ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പെന്‍ഡ്രൈവ് പൊലീസ് പരിശോധിച്ചതോടെയാണ് കൊലപാതകം പുറത്തുവന്നത്. ഷാബാ ഷെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യവും കണ്ടെത്തി. ദൃശ്യത്തില്‍ നിന്നും ബന്ധുക്കള്‍ ഷാബാ ഷെരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കൊലപാതകം ഒറ്റമൂലി തട്ടിയെടുക്കാന്‍
ഷാബാ ഷെരീഫിന്റെ കൈവശമുള്ള ഒറ്റമൂലിയുടെ രഹസ്യമറിയാനാണ് ഇയാളെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. മൈസൂരില്‍ നിന്നും രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേന ഷാബാ ഷെരീഫിനെ നിലമ്പൂരിലെ ഷൈബിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
ഒറ്റമൂലിയെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തയാറാകാതെ വന്നതോടെ ഇയാളെ ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം മുറി തയാറാക്കി ചങ്ങലയില്‍ ബന്ധിച്ചു. ഒന്നേക്കാല്‍ വര്‍ഷം ഷൈബിനും കൂട്ടാളികളും പുറംലോകമറിയാതെ പീഡനം തുടര്‍ന്നു. 2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചും ഇരുമ്പു പൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയില്‍ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഷൈബിന്‍ കൈപ്പഞ്ചേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് തള്ളുകയായിരുന്നു.
English Summary: Malappuram mu-rder case: Petitioner himself ki-lled the man for robbery
You may like this video also