Site iconSite icon Janayugom Online

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. മൂന്ന് പേരുടെ പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. മൂന്ന് പേരുടെ പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതുവരെ 16 പേരുടെ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ 255 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതില്‍ 50 പേർ ഹൈ റിസ്ക്ക് വിഭാഗത്തില്‍പ്പെട്ടവരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെട്ട മലപ്പുറം സ്വദേശിക്ക് ഞായറാഴ്ചയാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിലും യുവാവിന്റെ സാമ്പിള്‍ പോസിറ്റീവായിരുന്നു. ഇതോടെയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചതും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതും. 

യുവാവിന്റെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്‍ സര്‍വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബെംഗളൂരുവില്‍ പഠിക്കുകയായിരുന്നു വിദ്യാർഥിക്ക് നാട്ടിലെത്തിയശേഷം കടുത്ത പനി ബാധിക്കുകയായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പനിവിട്ടുമാറത്ത സാഹചര്യത്തിലായിരുന്നു എംഇഎസില്‍ പ്രവേശിപ്പിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിരുന്നു. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 

Exit mobile version