Site iconSite icon Janayugom Online

മലയാളത്തിനും വേണം വിവർത്തനത്തിനായി പദ്ധതി; അന്താരാഷ്ട്ര വിവർത്തന ദിനം ഇന്ന്

ലോക ക്ലാസിക്കുകള്‍ പൂര്‍ണമായി മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദ്യ ഭാഷയെന്ന ഖ്യാതി മലയാളത്തിന് സ്വന്തം . വിവര്‍ത്തന സാഹിത്യം ഏറ്റവും അധികം സ്വീകരിക്കപ്പെട്ടതും മലയാള ഭാഷയിൽ തന്നെ. വിക്‌ടർ യൂഗോയുടെയും ടോള്‍സ്‌റ്റോയിയുടെയും, ദസ്തയോവ്‌സ്‌കിയുടെയും മിക്ക ക്ലാസിക് കൃതികളും റഷ്യൻ നോവലുകളും, നോബൽ ജേതാക്കളുടെ സാഹിത്യ കൃതികളും മലയാളികൾ പരിചയപ്പെട്ടത് വിവർത്തനമെന്ന സാംസ്‌കാരിക പ്രക്രീയയിലൂടെയാണ്. വ്യാസന്റെ മഹാഭാരതം, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം, മാര്‍ക്സിന്റെ മൂലധനം, ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും, ഡാന്റെയുടെ ഡിവൈന്‍ കോമഡി… ഇങ്ങനെ നീളുന്നു മലയാള മനസ് കീഴടക്കിയ വിവർത്തന കൃതികൾ. എന്നാൽ മലയാളകൃതികൾ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള പരിശ്രമങ്ങൾ എത്രത്തോളം നടക്കുന്നുവെന്ന ചോദ്യം സാഹിത്യ ലോകത്ത് ഉയർന്ന് കേൾക്കുന്നുണ്ട്. നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് രവീന്ദ്രനാഥ ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ചതിലൂടെ ബംഗാളിഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച അംഗീകാരം ചെറുതല്ല. ടാഗോർ എഴുതിയ കവിത സ്വന്തമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോഴാണ് ‘ഗീതാഞ്ജലി ’ യെ തേടി നൊബേൽ സമ്മാനമെത്തിയത്. എന്നാൽ ഇതിന് ശേഷം മറ്റൊരു സാഹിത്യ നൊബേലും ഇന്ത്യയിലേക്ക് വന്നിട്ടില്ല. ഒട്ടേറെ ബംഗാളി എഴുത്തുകാർ വിവർത്തനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറി. എന്നാൽ, എത്ര മലയാളികളുടെ കൃതികൾ ബംഗാളിയിലേക്കു വിവർത്തനം ചെയ്തുവെന്ന ചോദ്യത്തിന് മതിയായ ഉത്തരം സാഹിത്യ ലോകത്ത് ലഭ്യമല്ല. ഇവിടെയാണ് മലയാളത്തിനായി ഒരു വിവർത്തന പദ്ധതി അനിവാര്യമാണെന്ന ആശയം ഉയരുന്നത്.

 

മലയാളത്തിനെ ഉൾകൊള്ളാൻ അന്യ ഭാഷകൾ വൈഷമ്യം കാട്ടുമ്പോൾ ഏതൊരു ഭാഷയെയും ഉൾകൊള്ളാൻ മലയാളികൾക്ക് കഴിയുന്നുണ്ട്. ഇരുപത്തിയഞ്ചു ഭാഷകളും അനേകം പ്രാദേശിക ഭാഷാഭേദങ്ങളും നിലവിലിരിക്കുന്ന ഇന്ത്യ പോലെയൊരു രാജ്യത്ത് വിവർത്തനത്തിനുള്ള സാധ്യത വിവരണാതീതമാണ്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ ആശയവിനിമയം സാദ്ധ്യമാകുന്ന മാധ്യമമാണ് വിവർത്തനം. മലയാളിയുടെ വായനാതലത്തിൽ മനോഹരമായ അനുഭവം സമ്മാനിച്ചത് മികച്ച എഴുത്തുകാർ മാത്രമല്ല അതിനെ തന്മയത്വത്തോടെ പരിഭാഷപ്പെടുത്തിയ വിവർത്തകർ കൂടിയായിരുന്നു. എന്നാൽ എഴുത്തുകാർ പ്രശസ്തിയുടെ കൊടുമുടികൾ താണ്ടിയപ്പോൾ വിവർത്തകർ അർഹിക്കുന്ന പരിഗണന കിട്ടാതെ മാറ്റിനിർത്തപ്പെട്ടു. ഏറ്റവും ഇഷ്ടമുള്ള പുസ്തകത്തിന്റെ പേരിനൊപ്പം അത് വിവർത്തനം ചെയ്ത വ്യക്തിയുടെ പേര് ഓർക്കാൻ വായനക്കാർ മറന്നു. വായനാനുഭവത്തെ അവിസ്മരണമാക്കിയ വിവർത്തകരെ ഓർക്കാനുള്ള ദിനം കൂടിയാണ് അന്താരാഷ്ട്ര വിവർത്തനദിനം. ആദ്യ ബൈബിൾ പരിഭാഷകൻ എന്ന് വിശ്വസിക്കപ്പെടുന്ന സെയിന്റ് ജെറോമിന്റെ ഓർമ്മക്കായിട്ടാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുന്നത്. ഒരു ദേശത്തിന്റെ ഭാഷയും സംസ്‌ക്കാരവും മറ്റൊരു ദേശത്തിന് പരിചയപെടുത്തുന്നതിൽ വിവർത്തനത്തിനുള്ള പങ്ക് ചെറുതല്ല . അത്തരമൊരു പ്രക്രീയ സാഹിത്യ രംഗത്ത് ഉണ്ടാക്കിയ മാറ്റങ്ങൾ ഒട്ടേറെ സാംസ്‌കാരിക മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടു .

കടലിന്റെ മക്കളുടെ ജീവിതത്തിന്റെ താളം മലയാളികൾക്ക് പകർന്നുനൽകിയ തകഴിയുടെ ചെമ്മീൻ എന്ന നോവലിലൂടെ മലയാള സാഹിത്യ ശാഖയുടെ പ്രശക്തി കടൽ കടന്നത് ചരിത്രം. 1956 ലാണ് തകഴി ഈ നോവൽ പൂർത്തിയാക്കിയത്. 1962 ൽ ചെമ്മീന്‍ ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തു. ഓള്‍ ഇന്ത്യാ റേഡിയോ ഡയറക്ടര്‍ ജനറലായിരുന്ന വികെ നാരായണ മേനോനാണ് ഇതിന് നേതൃത്വം നൽകിയത്. ഹിന്ദി ഉള്‍പ്പടെ മറ്റ് ഇന്ത്യൻ ഭാഷകളിലും വിവർത്തനത്തിലൂടെ ചെമ്മീൻ തരംഗമായി . പിന്നീട് ലോകത്തിലെ 15 ഭാഷകളില്‍ ചെമ്മീന് വിവര്‍ത്തനമുണ്ടായി. അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ മലയാളെ നോവലായ ചെമ്മീനാണ് ഏറ്റവും കൂടുതല്‍ ഭാഷകളില്‍ വിവർത്തനം ചെയ്ത ഇന്ത്യന്‍ കൃതി. വിവർത്തനത്തിലൂടെ വ്യാപകമായ ലോക ശ്രദ്ധനേടിയ ആദ്യ മലയാളനോവൽ തകഴിയുടെ ചെമ്മീൻ ആയിരുന്നു. 1965 ൽ രാമു കാര്യാട്ട് ചെമ്പന്‍കുഞ്ഞും കറുത്തമ്മയും പരീക്കുട്ടിയും പളനിയും ജീവിച്ചു മരിച്ച കടപ്പുറത്തിന്റെ കഥ ചലച്ചിത്രമാക്കിയതോടെ ചെമ്മീൻ മലയാളികളുടെ ദൃശ്യ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറി. മലയാള സിനിമ ആദ്യമായി സുവർണ കമലം നേടിയതും ചെമ്മീനിലൂടെ ആയിരുന്നു. ഒ വി വിജയനും വൈക്കം മുഹമ്മദ് ബഷീറും ഉൾപ്പടെയുള്ള നിരവധിപേരുടെ കൃതികളും ഇംഗ്ലീഷിലേക്കും മറ്റ് ഇതരഭാഷകളിലേക്കും വിവർത്തനം ചെയ്‌തിട്ടുണ്ട്‌ .

ബാല്യകാലം കേരളത്തിൽ ചിലവഴിച്ച അരുന്ധതി റോയ് തന്റെ അയ്‌മനമെന്ന കുഞ്ഞു ഗ്രാമം പശ്ചാത്തലമാക്കിയാണ് 1997ൽ ആദ്യ നോവലായ ദി ഗോഡ് ഓഫ് സ്മാൾ തിങ്സ് രചിച്ചത്. ഇതോടെ അരുന്ധതിയുടെ ജന്മനാട് ആഗോള സാഹിത്യ ഭൂപടത്തിൽ ഇടംപിടിച്ചു. ആ വർഷം മാൻ ബുക്കർ പ്രൈസിന് നോവൽ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ പുരസ്കാരത്തിന് അർഹയാകുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതിയും അരുന്ധതി സ്വന്തമാക്കി. പ്രകാശനത്തിനു ശേഷം അഞ്ചുമാസം തികയും മുൻപു തന്നെ 350,000‑ത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞ പുസ്തകം 24 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരിലാണ് ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സിന്റെ മലയാള പരിഭാഷ 13 കൊല്ലങ്ങൾക്ക് ശേഷം പ്രിയ എ എസ് വിവർത്തനം ചെയ്തത് .

വിവർത്തനമെന്ന സങ്കീർണ പ്രക്രിയയിൽ തിരശീലക്ക് പിന്നിലുള്ള വ്യക്തികളെ ആദരിക്കുവാൻ നിരവധി പുരസ്‌കാരങ്ങളും രാജ്യത്തുണ്ട് . യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച വിവർത്തനം ചെയ്ത ഫിക്ഷൻ പുസ്തകത്തെ തിരഞ്ഞെടുക്കുന്ന പുരസ്കാരമാണ് ഇന്റർ നാഷണൽ ബുക്കർ പ്രൈസ്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവും വിവർത്തകനും തമ്മിൽ തുല്യമായാണ് പങ്കിടുന്നത്. മറ്റൊരു ഭാഷയിൽ എഴുതിയതും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതുമായ ഏതൊരു ഫിക്ഷൻ സൃഷ്ടിയും ഈ അവാർഡിന് അർഹമാണ്. അവാർഡ് സ്പോൺസർ ചെയ്യുന്നത് ബുക്കർ പ്രൈസ് ഫൗണ്ടേഷനാണ്, നിയന്ത്രിക്കുന്നത് ബുക്കർ പ്രൈസ് ബോർഡും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച വിവർത്തനം ചെയ്ത കൃതിയെ ആദരിക്കുന്ന അവാർഡാണ് നാഷണൽ ബുക്ക് അവാർഡ് . സമ്മാനത്തുക 2500 പൗണ്ട് വിവർത്തകന് ലഭിക്കും. അമേരിക്കൻ ലിറ്റററി ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ നൽകുന്ന ഈ അവാർഡ്, വിശിഷ്ട വിവർത്തകരുടെയും സാഹിത്യ വിദഗ്ധരുടെയും ഒരു പാനലാണ് തിരഞ്ഞെടുക്കുന്നത്.

 

 

ഇംഗ്ലീഷിൽ എഴുതിയതോ വിവർത്തനം ചെയ്തതോ ആയ മികച്ച നോവൽ തിരഞ്ഞെടുക്കുന്ന അവാർഡാണ് ഇന്റർ നാഷണൽ ഡബ്ലിൻ ലിറ്റററി അവാർഡ് . സമ്മാനത്തുകയായ 100,000 യൂറോ രചയിതാവിന് നൽകപ്പെടുന്നു. വിവർത്തനമാണെങ്കിൽ രചയിതാവിന് 75,000 യൂറോയും വിവർത്തകന് 25,000 യൂറോയും ലഭിക്കും. അന്താരാഷ്ട്ര സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളുടെ ഏറ്റവും മികച്ച വിവർത്തനങ്ങളെ ആദരിക്കുന്നതിനായി പെൻ അമേരിക്ക വർഷം തോറും പെൻ വിവർത്തന സമ്മാനം നൽകുന്നു. സാഹിത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന പ്രശസ്ത സാഹിത്യ സംഘടനയായ പെൻ അമേരിക്കയാണ് അവാർഡ് ഏർപ്പെടുത്തിരിക്കുന്നത്. കവിത, നോൺ‑ഫിക്ഷൻ എന്നിവയുടെ മികച്ച വിവർത്തനങ്ങൾക്കുള്ള അവാർഡുകൾ നൽകുന്നു. സമ്മാനത്തുക 3,000 ഡോളർ വിവർത്തകന് നൽകും. സ്വന്തം ഭാഷയ്ക്കുള്ളിൽ ഒതുങ്ങി പോകേണ്ടിയിരുന്ന എത്രയോ സാഹിത്യ പ്രതിഭകളെയാണ് വിവർത്തന പ്രക്രിയ ലോകത്തിനു മുന്നിലെത്തിച്ചത് . ജീവിച്ചിരുന്നപ്പോൾ കിട്ടാതിരുന്ന ഖ്യാതി പോലും പല സാഹിത്യകാരന്മാരെയും മരണശേഷം തേടിയെത്തിയത് അവരുടെ രചനകൾ ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട്, ജനഹൃദയങ്ങളിൽ സ്ഥാനം നേടിയപ്പോഴാണ്.

Exit mobile version