Site icon Janayugom Online

പുരസ്കാര തിളക്കത്തില്‍ മലയാളം: 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി മലയാളം

nanjiyamma

68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളം കരസ്ഥമാക്കിയത് ഏഴ് അവാര്‍ഡുകള്‍. മികച്ച നടന്മാരായി സൂര്യയെയും അജയ് ദേവ്ഗണിനെയും തിരഞ്ഞെടുത്തു. സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി.
അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന് മാത്രം നാല് അവര്‍ഡുകളാണ് ലഭിച്ചത്. ബിജു മേനോന് സഹനടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ ‘കലക്കാത്ത’ എന്ന് തുടങ്ങുന്ന ഗാനം നഞ്ചിയമ്മയെ മികച്ച പിന്നണി ​ഗായിക ആക്കി. ഇതേ സിനിമ അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും നേടിക്കൊടുത്തു.
മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍( സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങള്‍.
തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടനായി.
മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരറൈ പോട്രി‘ലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി. മികച്ച മലയാള സിനിമ ‘തിങ്കളാഴ്‍ച നിശ്ചയം’ ആണ്. സെന്ന ഹെഗ്ഡെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മലയാള ചലച്ചിത്രം ‘വാങ്കി‘ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.
‘ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് നിഖില്‍ എസ് പ്രവീണിനും പുരസ്‍കാരം ലഭിച്ചു. അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച പുസ്‍തകമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.
വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Malay­alam in the lime­light: Malay­alam bagged sev­en awards at the 68th Nation­al Film Awards

You may like this video also

Exit mobile version