Site iconSite icon Janayugom Online

പ്രകോപനപരമായ ആശയവുമായി മലയാള ചിത്രം ‘പി ഡബ്ല്യു ഡി പ്രൊപ്പോസൽ വെഡിങ് ഡിവോഴ്‌സ് ‘ട്രയിലർ പുറത്തിറങ്ങി

ഡ്രൈവിങ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ മാര്യേജ് സർട്ടിഫിക്കറ്റിലും കാലാവധി നിർണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉൾപ്പെടുത്തിയിരിക്കുന്ന സിനിമ ‘പിഡബ്ല്യുഡി പ്രൊപ്പോസൽ വെഡിങ് ഡിവോഴ്‌സ്‘ന്റെ ട്രയിലർ റിലീസായി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കാതൽ, ആട്ടം തുടങ്ങി ഇന്ത്യൻ സംസ്കാരത്തെ പരാമർശിച്ച് ചർച്ച ചെയ്യുന്ന വേറിട്ട ചിന്തയിലൂന്നിയ സിനിമകൾ പ്രേക്ഷകരിൽ ചിലരെയെങ്കിലും അലോസരപ്പെടുത്താറുണ്ട്. ഇന്ത്യൻ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ അത് ജീവിതാവസാനം വരെയുള്ള ഒരു ബന്ധം ആകണമെന്നാണ്. അതിനെ തീർത്തും തിരുത്തി കുറിക്കുന്ന ആശയവുമായാണ് പി ഡബ്ല്യു ഡി എത്തുന്നതെന്ന് ട്രയിലർ സൂചിപ്പിക്കുന്നു. തികച്ചും കളർഫുൾ ആയ ഒരു സെറ്റിംഗിൽ പഴയകാല പ്രിയൻ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ഊട്ടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പി ഡബ്ല്യു ഡി. 

മാര്യേജ് സർട്ടിഫിക്കറ്റിൽ കാലാവധി തീരുമാനിക്കുന്ന ഒരു തീയതി എന്ന ആശയം തികച്ചും ബാലിശവും പുതുതലമുറയ്ക്ക് അംഗീകരിക്കാൻ കഴിയാത്ത ചിന്തയുമാണന്ന് സോഷ്യൽ മീഡിയകളിൽ കമന്റുകൾ വന്ന് നിറഞ്ഞപ്പോൾ അതിന് സംവിധായകൻ ജോ ജോസഫ് നൽകിയ മറുപടി, “ഒരു ഡിബേറ്റ് കോൺവർസേഷൻ തരത്തിലുള്ള റോം കോം ജോണർ ചിത്രമാണിതെന്നും ഒരിക്കലും ഇത് ഇന്ത്യൻ മാര്യേജ് നിയമങ്ങളെ കളിയാക്കുന്ന സിനിമയല്ല പി ഡബ്ല്യു ഡി ” എന്നാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫ് നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് നാഷണൽ അവാർഡ് വിന്നർ സിനോയ് ജോസഫാണ്. ശ്യാം ശശിധരൻ എഡിറ്റിംഗും സിദ്ധാർത്ഥ് പ്രദീപ് സംഗീതവും ഇന്റർനാഷണൽ ലെവലിൽ പ്രശംസ നേടിയിട്ടുള്ള ബ്രിട്ടീഷ് സിനിമാട്ടോഗ്രാഫർ സൂസൻ ലംസ്ഡൺ ആണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു തമിഴ് പാട്ട് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ലെന്നും ഒരു പുതിയ തരം ആസ്വാദന രീതി സിനിമയിലൂടെ പരീക്ഷിക്കുകയാണന്നും ചിത്രത്തിന്റെ നിർമ്മാതാവ് നെവിൽ സുകുമാരൻ അഭിപ്രായപ്പെടുന്നു. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ.

Exit mobile version