Site icon Janayugom Online

സുരക്ഷിതതീരമണഞ്ഞ് മലയാളി വിദ്യാർത്ഥികൾ

നാടിന്റെ സുരക്ഷിതത്വത്തിൽ ആശ്വാസതീരമണഞ്ഞ് ഉക്രെയ്‌നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ. യുദ്ധം ആരംഭിച്ച ശേഷം ഉക്രെയ്‌നിൽ കുടുങ്ങിയ 82 വിദ്യാർത്ഥികളാണ് രാത്രി വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിലെത്തിയത്. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. 25 മലയാളി വിദ്യാർത്ഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേരും രാത്രി എട്ടരയോടെ ആറു പേരുമെത്തി. ഉച്ചയോടെ ഡൽഹിയിലെത്തിയ വിദ്യാർത്ഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്. ഡൽഹിയിൽ നിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർത്ഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് ഉൾപ്പെട്ടിരുന്നത്.

തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേര്‍ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്. തിരുവനന്തപുരത്ത് മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, നോർക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ എന്നിവര്‍ വിദ്യാർത്ഥികളെ സ്വീകരിച്ചു.
47 മലയാളി വിദ്യാർത്ഥികളാണ് ഉക്രെയ്‌നില്‍ നിന്ന് കൊച്ചിയിലെത്തിയത്. 13 വിദ്യാര്‍ത്ഥികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും എത്തിച്ചേര്‍ന്നു.
മുംബെെയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 11 പെൺകുട്ടികളുടെ സംഘത്തെ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു. ഡൽഹിയിൽ നിന്നും ബംഗളുരു വഴി വന്ന രണ്ടാമത്തെ വിമാനത്തിൽ മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരും ഡൽഹിയിൽ നിന്നും മറ്റൊരു വിമാനത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേരുമുണ്ടായിരുന്നു.

രാത്രി 10. 45ഓടെ കൊച്ചിയിലെത്തിയ ഡൽഹിയിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ 20 വിദ്യാർത്ഥികൾ കൂടി ഉണ്ടായി. ഉക്രെയ്ൻ ചെർണോവിഴ്സിയിൽ ബുക്കോവിനിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥികളാണ് മടങ്ങി വന്നവരെല്ലാം.
രക്ഷിതാക്കളും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്തിയിരുന്നത്. നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചത്. ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തിയ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകിയിരുന്നു.

Eng­lish Sum­ma­ry: Malay­alee stu­dents on safe shores

You may like this video also

Exit mobile version