Site iconSite icon Janayugom Online

ഹിസ്ബുള്ളക്ക് പേജറുകൾ കൈമാറിയത് മലയാളിയുടെ കമ്പനി ?

ലബനാനിലുടനീളം ചൊവ്വാഴ്ചയുണ്ടായ പേജർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മലയാളിയുടെ കമ്പനിക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ബൾഗേറിയ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ഹിസ്ബുള്ളക്ക് പേജറുകൾ കൈമാറിയതിൽ മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ ​ജോസിന്റെ കമ്പനിക്ക് ബന്ധമുണ്ടോയെന്നാണ് അ​ന്വേഷിക്കുന്നത്. ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത നോർട്ട ഗ്ലോബൽ ലിമിറ്റഡിന്റെ ഉടമയാണ് വയനാട് മാനന്തവാടി സ്വദേശിയായ റിൻസൻ. 

എന്നാൽ പേജറുകളിൽ സ്ഫോടക വസ്തുക്കൾ വെച്ച സംഭവത്തിൽ ഇടനിലക്കാരി ഇസ്രായേലിന്റെ മൊസാദുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം റിൻസന് അറിയില്ലെന്നും ഡെയ്‍ലി മെയിൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. ബിഎസി കൺസൽട്ടിങ് കമ്പനിട്ട് ഓഫിസ് പോലുമില്ലെന്ന് ഹംഗേറിയൻ മാധ്യമങ്ങൾ പറയുന്നത്. ബിഎസിയുടെ എംഡിയായ ക്രിസ്റ്റ്യാന ബർസോണി ആർസിഡിയാക്കോണോ എന്ന യുവതിയാണ് നോർട്ട ഗ്ലോബലുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തിയിരുന്നത്. ഗോള്‍ഡ് അപ്പോളോയുമായി ബിഎസിയാണ് പേപ്പറില്‍ ഒപ്പിട്ടിരുന്നതെങ്കിലും അതിന് പിന്നില്‍ നോര്‍ട്ടയായിരുന്നുവെന്നാണ് ഹംഗേറിയന്‍ മാധ്യമം പറയുന്നത്. തായ്വാനില്‍നിന്ന് പേജറുകള്‍ കൊണ്ടുവന്ന് ഹിസ്ബുല്ലക്ക് കൈമാറിയതും നോര്‍ട്ടയാണെന്നും ഇവര്‍ പറയുന്നു. 

തായ്‍വാനിലെ ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഹംഗേറിയൻ കടലാസ് കമ്പനി ബിഎസി കൺസൽട്ടിങ്ങാണ്​ പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ബിഎസി കടലാസ് കമ്പനി മാത്രമാണെന്നും റിൻസൻ ജോസിന്റെ നോർട്ട ഗ്ലോബൽ വഴിയാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയതെന്നുമാണ് ഹംഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലെബനാൻ സ്ഫോടനത്തിന് പിന്നാലെ റിൻസനുമായുള്ള ബന്ധവും വിഛേദിക്ക​പ്പെട്ടിരുന്നു. ഇതും സംശയത്തിനിടയാക്കുന്നുണ്ട്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിലും കമ്പനി ഉൾപ്പെട്ടതായി വിവരമുണ്ട്. അതേസമയം, റിൻസൺ തെറ്റു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതാകാമെന്നുമാണ് കുടുംബം പറയുന്നത്. റിൻസൻ ഏറ്റവും ഒടുവിൽ നാട്ടിൽ വന്നത് നവംബറിലാണ്. ജനുവരിയിൽ മടങ്ങുകയും ചെയ്തു. ഭാര്യക്കൊപ്പമാണ് ബൾഗേറിയയിൽ താമസിക്കുന്നത്. 

Exit mobile version