Site icon Janayugom Online

സൗരയൂഥത്തിലെ ‘മലയാളി’ സാന്നിദ്ധ്യം; ഛിന്നഗ്രഹത്തിന് അശ്വിന്‍ ശേഖറിന്റെ പേരിട്ട് ശാസ്ത്രലോകം

Dr Ashwin Shekhar

സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടും. അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ചേര്‍പ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയായ അശ്വിനെ, ‘ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍’ എന്നാണ് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പരിചയപ്പെടുത്തുന്നത്. 2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള മൈനര്‍ പ്ലാനറ്റ് (aster­oid) അഥവ ഛിന്നഗ്രഹം ഇനി ‘(33928) അശ്വിന്‍ശേഖര്‍’ (‘(33928)Aswinsekhar’) എന്നറിയപ്പെടും.

യു.എസില്‍ അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്‌സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച ‘2000എല്‍ജെ27’ എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്. സൗരയൂഥത്തില്‍ ചൊവ്വ ഗ്രഹത്തിനും വ്യാഴത്തിനുമിടയ്ക്ക് കാണപ്പെടുന്ന ‘ഛിന്നഗ്രഹ ബെല്‍റ്റി‘ല്‍ നിന്നുള്ള ഈ ആകാശഗോളത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 4.19 വര്‍ഷം വേണം. അശ്വിന്റെ പേരിട്ട ഛിന്നഗ്രഹത്തിന്റെ വിവരങ്ങള്‍ നാസയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തലശ്ശേരി സ്വദേശിയായ വൈനു ബാപ്പുവിന് ശേഷം, ഒരു ഛിന്നഗ്രഹത്തിന് മലയാളി ശാസ്ത്രജ്ഞന്റെ പേര് ലഭിക്കുന്നത് ആദ്യമായാണ്.

Eng­lish Sum­ma­ry: ‘Malay­ali’ Pres­ence in Solar Sys­tem; Aster­oid named after Ash­win Shekhar

You may also like this video

Exit mobile version