മേയ് 10ന് ശേഷം സിവിലിയൻ വസ്ത്രത്തില്‍ പോലും ഇന്ത്യൻ സൈനികരെ മാലദ്വീപില്‍ തുടരാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യൻ സിവിലിയന്‍ സംഘം മാലദ്വീപിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് മുയിസുവിന്റെ പ്രസ്താവന. ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ വിജയിച്ചതായും ഇതിനെ തുടര്‍ന്ന് കുറച്ചുപേര്‍ കള്ളപ്രചരണം നടത്തുകയാണെന്നും തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നതായും ബാ അറ്റോള്‍ എയ്ദാഫൂസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ മുയിസു പറഞ്ഞു. ഇന്ത്യൻ സൈനികര്‍ മാലിദ്വീപില്‍ നിന്നും പോകുന്നില്ല എന്നും സിവിലിയൻ വസ്ത്രത്തില്‍ ഇവിടെ തങ്ങുമെന്നും അവര്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. എന്നാല്‍ മേയ് 10ന് ശേഷം ഇന്ത്യൻ സൈനിക സംഘത്തെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല. താൻ പൂര്‍ണ ഉറപ്പോടെയാണ് ഇക്കാര്യം പറയുന്നതെന്നും മുയിസു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മൂന്ന് സൈനിക കേന്ദ്രങ്ങളിലായി 88 ഇന്ത്യൻ സൈനികര്‍ മാലിദ്വീപില്‍ ദുരിതാശ്വാസ സേവനങ്ങളും വൈദ്യ സഹായവും നല്‍കിവരുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോണിയര്‍ എയര്‍ക്രാഫ്റ്റും ഇന്ത്യ പ്രവര്‍ത്തിപ്പിക്കുന്നു. ഇതിനായി സൈനികര്‍ക്ക് പകരം സിവിലിയന്‍മാരെ നിയോഗിക്കാമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. ഇതനുസരിച്ച് ഈ മാസം 10നകം ഇന്ത്യൻ സൈനികരുടെ ആദ്യ ബാച്ച് മാലദ്വീപ് വിടും. പകരം സിവിലിയന്‍ സംഘം നിയന്ത്രണം ഏറ്റെടുക്കും. മറ്റ് രണ്ട് കേന്ദ്രങ്ങളിലെ സൈനികരെ മാറ്റിപ്രതിഷ്ഠിക്കുന്നതിന് മേയ് 10 വരെ സമയമുണ്ട്.
ചൈനീസ് അനുകൂലിയെന്ന് വിശേഷണമുള്ള മുയിസു കഴിഞ്ഞ വര്‍ഷം അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യൻ വിരുദ്ധത വ്യക്തമാക്കുകയും സൈന്യത്തെ മാലദ്വീപില്‍ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് ഇന്ത്യക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവനയെത്തുടര്‍ന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വേട്ടയാണ് മാലദ്വീപിനെ അകറ്റിയതെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷയിലും നിയന്ത്രണത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമുണ്ട്. അതിനിടെ സൗജന്യ സൈനിക സഹായം ലഭിക്കുന്നതിനായി ചൈനയുമായി കഴിഞ്ഞ ദിവസം മാലദ്വീപ് കരാര്‍ ഒപ്പിട്ടിരുന്നു. മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന നല്‍കിയതായി റിപ്പോർട്ടുണ്ട്. മാലദ്വീപ് പ്രതിരോധ മന്ത്രി ഗസൻ മൗമൂനും ചൈനീസ് ഇന്റർനാഷണല്‍ മിലിട്ടറി കോഓപറേഷൻ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറല്‍ ഷാങ് ബവോഖും കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാലിതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
English Summary:Maldives has strengthened its position
You may also like this video