Site icon Janayugom Online

പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് മമത ബാനര്‍ജി; ഐക്യം അനിവാര്യമായിരിക്കെ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് രാജയും യെച്ചൂരിയും

mamata

ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം അനിവാര്യമായ ഘട്ടത്തില്‍ ഏകപക്ഷീയമായി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത് ഭിന്നതകളുണ്ടാക്കുമെന്ന് ഇടതുപാര്‍ട്ടികളുടെ വിലയിരുത്തല്‍. ജൂലൈ 18ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈമാസം 15ന് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നതിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏതാനും കക്ഷികള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചനകള്‍ വേണമെന്ന നിലപാടിലാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും.

മുന്‍കൂര്‍ കൂടിയാലോചനയില്ലാതെ ഇത്തരം യോഗങ്ങള്‍ വിളിക്കുന്നത് അഭികാമ്യമല്ലെന്ന് സിപിഐ ഡി രാജ ജനറല്‍ സെക്രട്ടറി പറഞ്ഞു. എല്ലാ മതനിരപേക്ഷ, പുരോഗമന ശക്തികളുടെയും ഐക്യം അനിവാര്യമായ സാഹചര്യമാണിത്. ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന ഒരു നടപടിയും ഉണ്ടാവരുതെന്നും ഡി രാജ പറഞ്ഞു. മമത ബാനര്‍ജിയുടെ കത്ത് ഏകപക്ഷീയവും അസാധാരണവുമാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. അത് വിപരീതഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ യോഗത്തിനായി ക്ഷണിക്കുന്നതെന്നാണ് കത്തില്‍ മമത ബാനര്‍ജി വിശദീകരിക്കുന്നത്. യോഗം വിളിച്ചുചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ കൂടിയാലോചനയ്ക്കും മറ്റുമായി ശരദ്പവാറിനെയാണ് നേരത്തെ പ്രതിപക്ഷ കക്ഷിനേതാക്കള്‍ നിയോഗിച്ചിരുന്നത്. മമത അപ്രതീക്ഷിതമായി ചുമതല നിര്‍വഹിച്ചതില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതകരിച്ചിട്ടില്ല. അതേസമയം, മറ്റുപ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജന ഖാര്‍ഗെയെയാണ് സോണിയാഗാന്ധി കോണ്‍ഗ്രസില്‍ നിന്ന് നിയോഗിച്ചത്.

Eng­lish Sum­ma­ry: Mama­ta Baner­jee con­venes meet­ing of oppo­si­tion leaders

You may like this video also

Exit mobile version