Site iconSite icon Janayugom Online

മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് — ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്; ‘ഫ്ലഷ്’ എന്ന നോവലിന് പുരസ്കാരം

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് — ഹംഗേറിയൻ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ ‘ഫ്ലഷ്’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 51കാരനായ സൊല്ലോ, ആൻഡ്രൂ മില്ലർ, കിരൺ ദേശായി അടക്കമുള്ള മറ്റ് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 3ന് ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. പുരസ്‌കാരത്തുക 50,000 പൗണ്ടാണ് (ഏകദേശം 58 ലക്ഷം രൂപ). ഒരു സാധാരണക്കാരൻ്റെ ജീവിതമാണ് സൊല്ലോയുടെ ‘ഫ്ലഷ്’ എന്ന നോവലിൻ്റെ ഇതിവൃത്തം. ഹംഗേറിയൻ ഹൗസിങ് എസ്റ്റേറ്റ് മുതൽ ലണ്ടനിലെ അതിസമ്പന്നരുടെ ലോകം വരെയുള്ള ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന, ആകർഷകവും നിഗൂഢവും വൈകാരികവുമായ അയാളുടെ കഥയാണ് നോവൽ പറയുന്നത്. 

സൊല്ലോയുടെ ‘ഫ്ലഷ്’ എന്ന നോവലിനെ അസാധാരണവും വളരെ പ്രത്യേകതയുമുള്ള പുസ്തകം എന്നാണ് ജൂറിമാർ വിശേഷിപ്പിച്ചത്. “ഫ്ലഷിൽ ഞങ്ങൾക്ക് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടത് അതിൻ്റെ വൈവിധ്യമാണ്. ഇത് മറ്റൊരു പുസ്തകത്തെയും പോലെയല്ല,” എന്ന് ജഡ്ജിംഗ് പാനലിൻ്റെ അധ്യക്ഷൻ റോഡി ഡോയൽ പറഞ്ഞു. കാനഡയിൽ ജനിച്ച ഡേവിഡ് സൊല്ലോ നിലവിൽ വിയന്നയിലാണ് താമസിക്കുന്നത്. യു കെ, ഹംഗറി എന്നിവിടങ്ങളിലും അദ്ദേഹം ജീവിച്ചിട്ടുണ്ട്. 20ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷൻ കൃതികളുടെയും നിരവധി ബി ബി സി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം. 2016ൽ പുറത്തിറങ്ങിയ ‘ഓൾ ദാറ്റ് മാൻ ഈസ്’ എന്ന നോവലിലൂടെയാണ് അദ്ദേഹം ആദ്യമായി ബുക്കർ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

Exit mobile version