Site iconSite icon Janayugom Online

2040ഓടെ മനുഷ്യന്‍ ചന്ദ്രനിലേക്ക്… ഐഎസ്ആർഒയുടെ പദ്ധതികളിങ്ങനെ

ഐഎസ്ആർഒ അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള വിപ്ലവകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചിച്ചിരിക്കുകയാണ്. ഇതനുസരിച്ച് 2040ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നതാണ് ഇന്ത്യയുടെ സ്വപ്‌ന പദ്ധതി. 

ഇത് സംബന്ധിച്ച് ഐഎസ്ആർഒ മേധാവി വി നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൂടാതെ, ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ‘ഗഗൻയാൻ’ 2027ഓടെ യാഥാർത്ഥ്യമാവുകയും, സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ ബഹിരാകാശ യാത്രയുടെ നാഴികക്കല്ലായ ഗഗൻയാൻ ദൗത്യം 2027ന്റെ ആദ്യ പാദത്തിൽ യാഥാർഥ്യമാക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ആളില്ലാ പരീക്ഷണ ദൗത്യങ്ങളുടെ ഒരു പരമ്പരതന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. 

ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ആദ്യ ആളില്ലാ ദൗത്യത്തിൽ, ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ‘വ്യോമമിത്ര’ എന്ന പകുതി-മനുഷ്യരൂപത്തിലുള്ള റോബോട്ട് ബഹിരാകാശത്തേക്ക് പറക്കും. ഇതിനുശേഷം അടുത്ത വർഷം മറ്റ് രണ്ട് ആളില്ലാ പരീക്ഷണ ദൗത്യങ്ങൾകൂടി നടത്തും. ഈ പരീക്ഷണങ്ങൾക്കൊടുവിലാകും യാത്രികരുള്ള പ്രധാന ദൗത്യം. 

ഇന്ത്യൻ വ്യോമസേനയിലെ നാല് പൈലറ്റുമാരെയാണ് ഐ.എസ്.ആർ.ഒ. ഈ ചരിത്രപരമായ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഇവർക്ക് റഷ്യയിലും ഇന്ത്യയിലുമായി പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വ്യോമനോടുകളെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ എത്തിച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതികൾക്ക് ഐഎസ്ആർഒ രൂപം നൽകുന്നുണ്ട്.

Exit mobile version