Site icon Janayugom Online

16 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ ചതിച്ച് കടന്നുകളഞ്ഞയാളെ സോഷ്യല്‍ മീഡിയ വഴി കുടുക്കി മകള്‍

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്തു.പിന്നീട് മുങ്ങി. ഒടുവില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ ചതിച്ച് കടന്നുകളഞ്ഞയാളെ സോഷ്യല്‍ മീഡിയ വഴി കുടുക്കി മകള്‍. കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പിയെയാണ്(47) പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി നോര്‍ത്ത് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 16 വര്‍ഷം മുന്‍പു വിവാഹത്തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയെ ആണ് താന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് ഇയാള്‍ വിവാഹം കഴിച്ചത്.

രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കുറച്ചു കാലം യുവതിക്കൊപ്പം താമസിച്ച ശേഷം മുങ്ങിയ തമ്പിയെക്കുറിച്ചു പിന്നീടു യാതൊരു വിവരവും ഇല്ലായിരുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥനാണെന്ന വിവരം മാത്രമായിരുന്നു തട്ടിപ്പിനിരയായ യുവതിക്ക് അറിയാമായിരുന്നത്. ഇയാളില്‍ നിന്നും ഗര്‍ഭിണിയായി യുവതി ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. കുഞ്ഞിന്റെ അച്ഛനുവേണ്ടി വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇപ്പോള്‍ 15കാരിയായ മകള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റാണ് ഫലം കണ്ടത്. തമ്പിയെ തിരയുന്നു എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. തമ്പിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിലുണ്ടായിരുന്ന ഇയാളുടെ ഒരു ഫോട്ടോയും മകള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തു. ഇതു കണ്ടു തമ്പിക്കൊപ്പം ജോലി ചെയ്തിരുന്ന ആളുകള്‍ ഇയാള്‍ ഇന്‍ഡ്യ‑ചൈന അതിര്‍ത്തിയില്‍ മാനസ സരോവര്‍ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വിവരം അമ്മയെയും മകളെയും അറിയിച്ചു. ഇക്കാര്യം തമ്പിയെയും അറിയിച്ചു.

തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ തമ്പി നാട്ടിലെത്തുകയും യുവതിക്കും മകള്‍ക്കുമൊപ്പം താമസിക്കുകയും അന്നു രാത്രി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു വര്‍ഷത്തോളം പിന്നീട് വിവരമൊന്നുമില്ലാതായതോടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്.

പ്രതി തങ്ങിയ മേഖല ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനില്‍ നിന്നു കണ്ടെത്തിയതോടെ അവിടെയെത്തി ഇയാളെ പിടികൂടാന്‍ സിറ്റി ഡി സി പി ഐശ്വര്യ ഡോങ്രെ നോര്‍ത്ത് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry : man who cheat­ed moth­er caught through social media by daughter 

You may also like this video :

Exit mobile version