ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിലെ സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ് പി എംപി സിയ ഉർ റഹ്മാൻ ബാർഖ്, എംഎൽഎ ഇക്ബാൽ മഹ്മൂദിന്റെ മകൻ സൊഹൈൽ ഇഖ്ബാലിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഡിസംബര്‍ ഒന്ന് വരെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. ഇന്റർനെറ്റ് സേവനവും റദ്ദാക്കി. 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത 2,750 പേർക്കെതിരേയും കേസുണ്ട്.
സര്‍വേ നടത്താനെത്തിയ അഭിഭാഷക കമ്മിഷന്‍ സംഘത്തിനുനേരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.
ക്രമസമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ പള്ളിക്കുസമീപം വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. 1529ല്‍ ഹരിഹര്‍ മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഷാഹി ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. ഈ അവകാശവാദവുമായി തീവ്രഹിന്ദുത്വ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയിലാണ് പ്രദേശിക സിവില്‍ കോടതി സര്‍വേക്ക് അനുമതി നല്‍കിയത്. പ്രതിഷേധക്കാര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും കല്ലെറിഞ്ഞതോടെ ഇടുങ്ങിയ ഇടവഴിയില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നു.