Site icon Janayugom Online

മാനസ കേസ്: പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപിച്ചു

കോതമംഗലത്ത് ഡന്റല്‍ കോളജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

ബീഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും  കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) ആണ് രണ്ടാം പ്രതി. തോക്കു കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാർ വർമ (21) നാലാം പ്രതിയുമാണ്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രാഖിൽ (32)ആണ് ഒന്നാം പ്രതി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ജൂലൈ 30ന് ആയിരുന്നു കേസിനാസ്പതമായ സംഭവം നടക്കുന്നത്. മാനസ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ തോക്കുമായെത്തിയ രാഖിൽ മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് സംഘം ബിഹാർ, വാരണാസി, പട്ന, മുംഗീർ, സങ്കരാപൂർ, ജത്യാ ബന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തുകയുണ്ടായി. ബീഹാറിൽ നിന്നുമാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് പൊലിസിന്റെ നേട്ടമാണ്. എസ്‌പി കെ കാർത്തിക്ക്, ഡിവൈഎസ്‌പി  മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ വി എസ് വിപിൻ, എസ്ഐമാരായ മാഹിൻ സലിം, ഷാജി കുര്യാക്കോസ്, മാർട്ടിൻ ജോസഫ്, കെ വി ബെന്നി, എഎസ്ഐമാരായ വി എം രഘുനാഥ്, ടി എം മുഹമ്മദ് സി പി ഒമാരായ അനൂപ്, ഷിയാസ്, ബേസിൽ, ബഷീറ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

eng­lish sum­ma­ry: Man­asa case: SIT files chargesheet

you may also like this video

Exit mobile version