ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ എഐ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇമേജ്, വീഡിയോ ജനറേഷനായി ‘മാംഗോ’ എന്നും, കോഡിങ്ങിനും റീസണിങ്ങിനുമായി ‘അവക്കാഡോ’ എന്ന പേരിലുള്ള പുതിയ ടെക്സ്റ്റ് മോഡലുമാണ് കമ്പനി വികസിപ്പിക്കുന്നത്. മെറ്റ ചീഫ് എഐ ഓഫീസർ അലക്സാണ്ടർ വാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പൺ എഐയുടെ ‘സൊറ’, ഗൂഗിളിന്റെ ‘ജെമിനൈ 3 ഫ്ലാഷ്’ എന്നിവയോട് നേരിട്ട് ഏറ്റുമുട്ടാൻ ശേഷിയുള്ള മോഡലായിരിക്കും ഇത്. ഉയർന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും മാംഗോ വഴി സൃഷ്ടിക്കാനാകും.
കേവലം ടെക്സ്റ്റ് ജനറേഷൻ മാത്രമല്ല, ആഴത്തിലുള്ള സാങ്കേതിക പ്രശ്നപരിഹാരവും മികച്ച രീതിയിലുള്ള കോഡിങ്ങും സാധ്യമാക്കുന്ന ഭാഷാ മാതൃകയാണ് അവക്കാഡോ. ലാമ മോഡലുകളെക്കാൾ ഒരുപടി മുന്നിലായിരിക്കും അവക്കാഡോ എന്ന് വാങ് അവകാശപ്പെടുന്നു. നിലവിൽ വിഷ്വൽ ഡേറ്റാ വിശകലനത്തിൽ മെറ്റ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, പുതിയ മോഡലുകൾ വരുന്നതോടെ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ 2026 പകുതിയോടെ ഈ രണ്ട് എഐ മോഡലുകളും പുറത്തിറക്കുമെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

