Site iconSite icon Janayugom Online

കണ്ടല്‍കാടുകള്‍ കാണാമറയത്തേക്ക് : രണ്ടുപതിറ്റാണ്ടിനിടെ നശിപ്പിക്കപ്പെട്ടത് 42 ശതമാനം

എറണാകുളം ജില്ലയിലെ കണ്ടൽകാടുകൾ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ വൻതോതിൽ നശിപ്പിക്കപ്പെട്ടുവെന്ന് പഠന റിപ്പോർട്ട്. പുതുവെപ്പ് ദ്വീപിലാണ് കണ്ടൽ നശീകരണം എറ്റവും ഉയർന്നതോതിൽ നടന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ പുതുവൈപ്പിലെ 42 ശതമാനം കണ്ടൽകാടുകൾ ഇല്ലാതായി. ഐഎസ്ആർഓയുടെ അഹമ്മദാബാധിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നാസ വിക്ഷേപിച്ച ലാന്റ്സാറ്റ് ഉപഗ്രഹങ്ങൾ രണ്ട് ദശാബ്ദങ്ങൾക്ക് ഇടയിൽ പകർത്തിയ എറണാകുളം ജില്ലയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് സംയുക്ത ഗവേഷണ സംഘം കണ്ടൽ നശീകരണത്തിന്റെ കൃത്യമായ തോത് കണ്ടെത്തിയതെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ കെ റിജി ജോൺ പറഞ്ഞു. കുഫോസിൽ നിന്ന് റിമോട്ട് സെൻസിങ്ങ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് ഗോപിനാഥും സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ നിന്ന് ശാസ്ത്രജ്ഞനായ ഡോ. ആനന്ദ് സഹദേവനും പഠനത്തിന് നേതൃത്വം നൽകി.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന നിലയിലേക്ക് കൊച്ചി അതിവേഗം വളർന്നതാണ് എറണാകുളം ജില്ലയിലെ കണ്ടൽകാടുകൾക്ക് വിനയായത്. കൊച്ചിക്ക് ഒപ്പം എറണാകുളം ജില്ലയിലെ പ്രാന്തപ്രദേശങ്ങളിലും വലിയതോതിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതോടെ തത്വദീക്ഷയില്ലാതെ കണ്ടൽകാടുകൾ നശിപ്പിക്കപ്പെട്ടു. എന്നാൽ എൽഎൻജി ടെർമിനൽ, ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ എന്നിവയുടെ നിർമ്മാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി റോഡുകൾ, ബണ്ടുകൾ, കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കാനുമാണ് പുതുവൈപ്പ് ദ്വീപിൽ ഭൂരിഭാഗം കണ്ടൽകാടുകളും വെട്ടിമാറ്റിയത്. ഇവിടെ മാലിന്യനിക്ഷേപവും കണ്ടൽകാടുകളുടെ നശീകരണത്തിന്റെ കാരണങ്ങളിലൊന്നായി. രൂക്ഷമായ കടലാക്രമണത്തെ തടയാൻ കെൽപ്പുള്ള കണ്ടൽക്കാടുകൾ വായുമലീകരണതോത് നിയന്ത്രിക്കുകയും ഒരുപരിധിവരെ അന്തരീക്ഷ ഊഷ്മാവിന്റെ വർധനവിനെ തടയുകയും ചെയ്യുന്നു. കരിമീൻ, കളാഞ്ചി, തിരുത എന്നിവയുൾപ്പടെ നിരവധി മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും പ്രജനന ആവാസ്ഥവ്യവസ്ഥയുമാണ് കണ്ടൽക്കാടുകൾ. 15 ഇനം കണ്ടൽചെടികളാണ് ഇന്ത്യയിലുള്ളത്. അതിൽ 11 ഇനം പുതുവൈപ്പിലുണ്ട്.

Eng­lish Sum­ma­ry: Man­groves dis­ap­pear: 42 per­cent destroyed in two decades
You may also like this video

Exit mobile version