Site iconSite icon Janayugom Online

സജീവ് കാട്ടൂരിന് മണിരത്ന പുരസ്ക്കാരം

കലാഭവൻമണി മെമ്മോറിയൽ ഫൗണ്ടേഷന്റെ മണിരത്ന പുരസ്ക്കാരം സജീവ് കാട്ടൂരിന് ലഭിച്ചു. 25 വർഷങ്ങൾക്ക് മുൻപ് നാട്ടിലെ യുവാക്കളെ സംഘടിപ്പിച്ച് നാടൻ പാട്ടിനൊപ്പം അനുഷ്ഠാന കലകളും പാരമ്പര്യ കലാരൂപങ്ങളും ഇപ്റ്റയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ രീതിയിൽ പുനർജനിച്ചപ്പോൾ കണികൾക്കത് പുതുഅനുഭവമായി മാറുകയായിരുന്നു. തികച്ചും അമച്വർ നാടൻ പാട്ട് സംഘമായി തുടങ്ങിയ ഇപ്റ്റ നാട്ടരങ്ങ് ഇന്ന് ലോകമെങ്ങും തരംഗമായ ഫോക് ബാൻഡായി മാറ്റിയതിന് പിന്നിൽ സജീവ് കാട്ടൂർ എന്ന അസാധാരണ പ്രതിഭയുടെ കഴിവ് ചെറുതല്ല. സജീവിന്റെ ഗവേഷണ മികവും സർഗ്ഗാത്മകമായ ഇടപെടലും കൊണ്ട് ഇപ്റ്റയുടെ പ്രസക്തി കടൽകടന്നു. ഇതിനോടകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 5000 ൽ അധികം വേദികൾ പിന്നിട്ട ഇപ്റ്റ നാട്ടരങ്ങ് ഇന്ത്യയിലെ പ്രശസ്തവും ഏറ്റവും അധികം കലാകാരന്മാരെ ഉൾക്കൊള്ളുന്നതുമായ ഫോക് ബാൻഡാക്കി മാറ്റുവാൻ സജീവ് കാട്ടൂരിന് ഇതിനകം കഴിഞ്ഞു. 

ആദ്യകാലത്ത് അടുത്തുള്ള ലൈബ്രറിയുടെ പരിപാടിയിൽ പാടാൻ ഈ കൂട്ടായ്മക്ക് അവസരം നിഷേധിച്ചപ്പോൾ അവർ തളർന്നില്ല. പ്രതിഷേധം ഉള്ളിലൊതുക്കി പ്രദേശത്തെ മണൽ തിട്ടയിൽ നിന്ന് പാടി തുടങ്ങിയ സംഘത്തെ ഇതേ ലൈബ്രറിയുടെ പുതിയ ബിൽഡിങ് ഉദ്ഘാടനത്തിനു ഇങ്ങോട്ട് വന്നു ക്ഷണിച്ചത് ചരിത്രം. കാട്ടൂർ എന്ന തീരദേശ ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർഗ്ഗാത്മകമായി പടരാൻ നാട്ടരങ്ങിനെ പ്രാപ്തമാക്കുന്നതിൽ പ്രതിഭാശാലിയായ സജീവ് കാട്ടൂർ വഹിച്ച പങ്ക് നിസ്തുലമാണ്. ചേർത്തല എസ് എൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ കവി, നാടക പ്രവർത്തകൻ, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പരമ്പരാഗത നാടൻ കലാ രംഗത്തെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയാണ് ഇപ്റ്റ നാട്ടരങ്ങിനെ ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ ബാൻഡ് ആക്കി മാറ്റിയത്. സജീവ് കാട്ടൂരിന്റെ സഹോദരനും ഇപ്റ്റയുടെ ദേശീയ കമ്മറ്റി അംഗവുമായിരുന്ന ടി എസ് സന്തോഷ് കുമാർ തുടക്കം കുറിച്ച ഇപ്റ്റ നാട്ടരങ്ങിനെ അസാധാരണമാം വിധം മികവുറ്റതാക്കി മാറ്റാനായി ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചു. 

ഈ ഘട്ടങ്ങളിൽ എല്ലാം ടീമെന്ന നിലയിൽ നാട്ടരങ്ങിനെ ഒരുമിച്ച് നിർത്തുന്നതിൽ സജീവ് കാട്ടൂർ ആത്മസമർപ്പണം നടത്തി. ഇപ്റ്റ ദേശിയ കൗൺസിൽ അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന പരമ്പരാഗത നാടൻ കലാ ഗവേഷകനും പെർഫോമറൂമാണ്. അന്യംനിന്നു പോയ കടലോരപ്പാട്ടുകൾക്കും കലകൾക്കും പുതു ജീവനേകാനുള്ള പരിശ്രമവും നടത്തിവരുന്നുണ്ട്. ചെങ്ങന്നൂർ ആദിയുടേയും തമിഴ്‌നാട്ടിലെ നാടൻകലാരൂപങ്ങളേയും ആസാമിലെ വാദ്യോപകരണങ്ങളും സമന്വയിപ്പിച്ചുള്ള പുതിയ ശൈലിയുടെ പണിപ്പുരയിലാണ് സജീവ് കാട്ടൂരും കൂട്ടാളികളും. പരേതരായ ശിവരാമൻ, സരസമ്മ ദമ്പതിമാരുടെ പുത്രനാണ്, കൊച്ചിൻ കോർപ്പറേഷൻ ജീവനക്കാരിയായ സജിനിയാണ് ഭാര്യ, വിദ്യാർത്ഥികളായ ആദിത്യ ശിവരാമൻ, ആഗ്നേയ ശിവരാമൻ എന്നിവർ മക്കളാണ്. ‍‍ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 16 ന് വൈകിട്ട് 5 മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് സജീവ് കാട്ടൂരിന് പുരസ്ക്കാരം നൽകും

Exit mobile version