2017 ൽ മണിപ്പൂരിൽ 21 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. 28 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ പ്രാദേശിക കക്ഷികളായ നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരുടെ പിന്തുണയോടെ ബി ജെ പി ഭരണം പിടിച്ചു.
ഇത്തവണയും പ്രദേശിക കക്ഷികളുമായി സഖ്യത്തിൽ ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് കരുതിയിരുന്നതെങ്കിലും നാഷനൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്) എന്നിവർ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നീക്കം ബി ജെ പിക്ക് സംസ്ഥാനത്ത് വലിയ ക്ഷീണം വരുത്തിയേക്കും
കഴിഞ്ഞ 5 വർഷത്തിനിടെ എൻ പി പിയും ബി ജെ പിയും തമ്മിലുള്ള ബന്ധം അത്ര സുഗമമായിരുന്നില്ല. നേരത്തേ നാല് എൻപിപി മന്ത്രിമാരിൽ രണ്ട് പേരെ കാബിനറ്റിൽ നിന്നും ബി ജെ പി പുറത്താക്കിയതോടെയാണ് ഇരു കക്ഷികളും തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമായത്. തുടർന്ന് 2020 ൽ നടന്ന അധികാരത്തര്‍ക്കത്തിനിടെ എ ന്‍പി പി ബി ജെ പിക്കുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. എന്നാൽ അന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് എൻ പി പി സഖ്യത്തില്‍ തിരിച്ചെത്തിയിരുന്നു
അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങൾ ഇക്കുറി തനിച്ച് മത്സരിക്കുമെന്ന് എൻ പി പി പ്രഖ്യാപിക്കുകയായിരുന്നു. 2017‑ൽ എൻ പി പി ഒമ്പത് സീറ്റുകളിൽ മാത്രമായിരുന്നു മത്സരിച്ചത്. നാല് സീറ്റുകളിൽ വിജയിച്ചു. ഇത്തവണ 60 അംഗ നിയമസഭയിൽ 38 സീറ്റുകളിലാണ് എൻ പി പി മത്സരിക്കുന്നത്. ഇത്തവണ പരമാവധി സീറ്റുകൾ നേടി കിംഗ് മേക്കറാവുകയാണ് എൻ പി പി ലക്ഷ്യം വെയ്ക്കുന്നത്. നാഗാ ഗോത്രവർഗക്കാർ കൂടുതലുള്ള മലയോര ജില്ലകളിൽ ശക്തമായ സാന്നിധ്യമുള്ള മണിപ്പൂരിലെ മറ്റൊരു ഭരണ കക്ഷിയായ എൻപിഎഫും ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2017ൽ 4 സീറ്റ് നേടിയ പാർട്ടി ഇത്തവണ 10 സീറ്റിലാണ് മത്സരിക്കുന്നത്
ബിഹാറിൽ ബിജെപിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജെഡിയുവും മണിപ്പൂരിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 38 സീറ്റുകളിൽ ജെ ഡി യു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 8 പേരാകട്ടെ ബിജെപി വിട്ടെത്തിയവരാണ്. 10–12 സീറ്റെങ്കിലും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ. ബിജെപി ഉൾപ്പെടെ ആരുമായും തിരഞ്ഞെടുപ്പിന് മുൻപ് ഞങ്ങൾക്ക് സഖ്യമില്ല
തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെക്കുറിച്ച് ചർച്ച ചെയ്ത് തിരുമാനിക്കും,സംസ്ഥാനത്തിന്റെ ചുമതലയുള്ള ജെഡി (യു) ദേശീയ ജനറൽ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാൻ പറഞ്ഞു. സഖ്യകക്ഷികൾ സ്വതന്ത്രമായി മത്സരിക്കുന്നത് ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
English Summary: Manipur Assembly polls: BJP and allies give up for survival
You may also like this video: