50 ദിവസത്തിലധികമായി സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സാധാരണ നില കൈവരിക്കുന്നതിന് നടപടി സ്വീകരിക്കുക, പ്രധാനമന്ത്രി മൗനം വെടിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ മണിപ്പൂർ ഘടകത്തിന്റെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണിപ്പൂർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണുക, പലായനം ചെയ്യപ്പെട്ടവർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ദേശീയപാതകൾ തുറന്നുനല്കുക, സംസ്ഥാനത്തെ മയക്കുമരുന്ന് ഭീകരത തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സിപിഐ മണിപ്പൂർ സംസ്ഥാന കൗൺസിൽ മുൻ സെക്രട്ടറി എൽ സോതിൻ കുമാർ അധ്യക്ഷനായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പാണ്ഡ, എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി, മണിപ്പൂർ സംസ്ഥാന സെക്രട്ടറി എൽ തോയ്‌രേൻ, ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാഷ്ണെ, സിപിഐ(എം) മണിപ്പൂർ സംസ്ഥാന സെക്രട്ടറി എൻ ടോമ്പിചെം, എഐവൈഎഫ് പ്രസിഡന്റ് സുഖ്ജീന്ദർ മഹേശരി, സിങ്ങാജിത്, പ്രമീള, തുടങ്ങിയവർ സംസാരിച്ചു.
ബിജെപിയുടെ ഇരട്ട എന്‍ജിൻ സർക്കാർ പിന്തുടരുന്ന, ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയത്തിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് മണിപ്പൂരിലെ പ്രക്ഷുബ്ധതയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനുവേണ്ടി ജനങ്ങൾ തമ്മിലുള്ള ഭിന്നതയും കലഹവും ബിജെപി പ്രോത്സാഹിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും ഇത് നിയന്ത്രിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുചേർത്ത് പരിഹാരമാർഗം തേടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.