മണിപ്പൂര്‍ വംശീയ കലാപത്തിനിടെ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി ജനക്കൂട്ടത്തിനിടയിലൂടെ നടത്തുകയും രണ്ട് പേരെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസുകളില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് ഗുവാഹട്ടിയിലെ പ്രത്യേക സിബിഐ കോടതി. കേസില്‍ വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തി വിചാരണ നേരിടുന്ന ആദ്യ കേസാണിത്. കലാപവുമായി ബന്ധപ്പെട്ട് 27 എഫ്ഐആറുകളിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. ഇതില്‍ 19 എണ്ണം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ്. ആയുധ മോഷണം-മൂന്ന്, കൊലപാതകം-രണ്ട്, കലാപം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് ഓരോ എഫ്ഐആര്‍ വീതവുമാണുള്ളത്.
നിലവില്‍ മണിപ്പൂരില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികള്‍ കോടതിക്ക് മുമ്പാകെ ഹാജരായത്. പ്രതികളായ ഹുറിം ഹെറോഡാഷ് മേയ്തി, നിങ്കോംബാം തോംബ സിങ്, യുംലെംബാം ജിബാന്‍ സിങ്, പുഖ്രിഹോങ്ബാം സുരാന്‍ജോയി മേയ്തി എന്നിവരെ മണിപ്പൂരിലെ സജിവ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗുവാഹട്ടിയിലെത്തിക്കണമെന്നും കേസ് വീണ്ടും പരിഗണിക്കുന്ന 16ന് കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. അരുണ്‍ ഖുംഡോങ്ബാം, നമിരിക്പാം കിരണ്‍ മേയ്തി എന്നീ പ്രതികള്‍ ജാമ്യത്തിലാണ്. ഇവരും അന്നേ ദിവസം ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു.

