Site iconSite icon Janayugom Online

മണിപ്പൂര്‍: സമാധാനം അകലെ; സമാധാന ചര്‍ച്ച പരാജയപ്പെട്ടു

വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം ഇനിയുമകലെ. കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകതെ പിരിഞ്ഞു. 2023 മേയ് മാസം സംസ്ഥാനത്ത് പൊട്ടിപ്പുപ്പെട്ട കലാപം ശാശ്വതമായി പരിഹരിക്കാന്‍ ആദ്യമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മേയ്തി-കുക്കി സോ സംഘടനകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം അനുരഞ്ജനം സാധ്യമാകാതെ വന്നത്. ആഭ്യന്തര മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മേയ്തി പ്രബല സംഘടനയായ കൊകോമി വിട്ടുനില്‍ക്കുകയും ചെയ്തു. ചര്‍ച്ചയില്‍ പരിഹാര ശ്രമം ഉണ്ടായില്ലെന്ന് ഇരുപക്ഷത്തെയും നേതാക്കള്‍ പ്രതികരിച്ചു. മേയ്തി സംഘടനകളായ ഓള്‍ മണിപ്പൂര്‍ യുണൈറ്റഡ് ക്ലബ്, ഫെഡറേഷന്‍ ഓഫ് സിവില്‍ സെസൈറ്റി ഓര്‍ഗനൈസേഷനും, കുക്കി സോ സംഘടനകളായ കുക്കി സോ കൗണ്‍സില്‍, സോമി കൗണ്‍സില്‍ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിലായിരുന്നു സമാധാന യോഗം വിളിച്ചുചേര്‍ത്തത്.

ഇരുപക്ഷത്തിന്റെയും ആവശ്യം പരിഗണിച്ചുള്ള കരട് രേഖയാണ് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയത്. കലാപം അവസാനിപ്പിക്കുക, പൊലീസ് സ്റ്റേഷനുകളില്‍ നിന്നും മോഷ്ടിച്ച ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കുക, സ്വതന്ത്ര സഞ്ചാരം ഉറപ്പ് വരുത്തുക എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍. ഇതോടൊപ്പം കലാപം മൂലം ചിതറിപ്പോയ തദ്ദേശവാസികളെ തിരികെ എത്തിക്കുക, ഗവര്‍ണറുടെ നേതൃത്വത്തില്‍ കലാപബാധിത മേഖലകളില്‍ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുക എന്നിവയും കരട് നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുപക്ഷവും ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.ആഭ്യന്തര മന്ത്രാലയം കരട് നിര്‍ദേശങ്ങളോട് അനുകൂല പ്രതികരണമായിരുന്നു തങ്ങളുടേതെന്ന് മണിപ്പൂര്‍ യുണൈറ്റഡ് ക്ലബ് പ്രസിഡന്റ് ഫ്രിന്‍ജോം നന്ദേ ലുവാങ് പ്രതികരിച്ചു. തങ്ങള്‍ക്ക് സംഘര്‍ഷം തുടരാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുക്കി സോ വിഭാഗം കരട് നിര്‍ദേശം തള്ളിക്കളഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുക്കി-സോ വിഭാഗം സമാധാന ചര്‍ച്ചയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

2023 മേയ് മാസം മേയ്തി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി അനുവദിച്ചതിന് പിന്നാലെയാണ് സംസ്ഥാനം വംശീയ കലാപത്തിലേക്ക് വഴുതി വീണത്. ഇതിനിടെ 258 പേര്‍ കൊല്ലപ്പെട്ടുകയും, 59,000 പേര്‍ പലയാനം ചെയ്യുകയും ചെയ്തു കഴിഞ്ഞു. ബിരേന്‍ സിങ് സര്‍ക്കാരിന്റെ പിടിപ്പ് കേടും, കേന്ദ്ര സര്‍ക്കാരിന്റെ നിഷ്ക്രിയത്വവുമാണ് രണ്ട് വര്‍ഷമായി ക്രമസമാധന നില വഷളാകാന്‍ ഇടവരുത്തിയത്. കലാപം അടിച്ചമര്‍ത്തി സമാധാനം ഉറപ്പ് വരുത്താന്‍ സാധിക്കാത്ത ബീരേന്‍ സിങ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ബിരേന്‍ സിങ് കളം വിട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിലാണ് സംസ്ഥാനം. 

Exit mobile version