മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് ഏകദേശം 50 ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാളെ ഡൽഹിയിലാണ് യോഗം ചേരുക.
അമിത് ഷാ കഴിഞ്ഞ മാസം സംസ്ഥാനം സന്ദർശിക്കുകയും മെയ്തി-കുകി വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്ത് സംഘര്‍ഷം വീണ്ടും രൂക്ഷമായി.
ജനങ്ങൾക്ക് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മണിപ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷവും മണിപ്പൂരില്‍നിന്നുള്ള ബിജെപി അംഗങ്ങളും പ്രതിഷേധത്തിലായിരുന്നു. മണിപ്പുരിൽ നിന്നുള്ള 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഡൽഹിയിൽ തുടരുകയാണ്.
ഇതിനിടെ ബുധനാഴ്ച രാത്രി ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാംഗിന് സമീപം സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ നോർത്ത് ബോൾജാംഗിൽ ആയുധധാരികളും അസം റൈഫിൾസുമായുണ്ടായ വെടിവയ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.