Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം: തീവ്രവാദ സംഘടനയ്ക്ക് ബിജെപി എംഎല്‍എമാരുടെ സംഭാവന

മണിപ്പൂര്‍ വംശീയ കലാപം ആളിക്കത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ് ) എന്ന മെയ്തി തീവ്രവാദ സംഘടനയ്ക്ക് ബിജെപി എംല്‍എമാരുടെ സംഭാവന. എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് (ഇഡി) എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കലാപം രക്തരൂഷിതമാക്കാന്‍ ബിജെപി എംഎല്‍എമാര്‍ സംഭാവന നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരമുള്ളത്. സംസ്ഥാനത്തെ രാഷ്ടീയക്കാരെ ഭിഷണിപ്പെടുത്തി സംഘടന പണം സ്വീകരിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇംഫാല്‍ താഴ്‌വരയില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍എല്‍എഫിന് 2023 ജുലൈയിലാണ് ബിജെപി എംല്‍എമാര്‍ ധനസഹായം നല്‍കിയത്. മെയ്തികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കുക്കികളെ ഉന്മുലനം ചെയ്യുന്നതിനുമായിരുന്നു സംഭാവന. മയംഗ്ലംബം രാമേശ്വര്‍ സിങ്, യൂനം ഖേചന്ദ് സിങ്, കോങ്ഖാം റോബിന്ദ്ര സിങ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി എസ് പ്രേമാനന്ദ് മീതേയ്, സ്പീക്കര്‍ തോക്ചോം സത്യബ്രത സിങ്, കോണ്‍ഗ്രസ് എംഎല്‍എ കെയ്ഷാം മേഘചന്ദ്ര സിങ് എന്നിവരാണ് തീവ്രവാദ സംഘടനയ്ക്ക് സംഭാവന നല്‍കിയത്.

കേഡര്‍മാരുടെ പരീശീലനം, ആയുധം, യുണിഫോം, ഡ്രോണ്‍, മ്യാന്‍മറിലേക്കുള്ള യാത്ര എന്നിവയ്ക്കാണ് സംഘടന പണം വിനിയോഗിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കലാപം ആരംഭിച്ചശേഷം വ്യാപക അക്രമ സംഭവങ്ങളും പൊലീസ് സ്റ്റേഷനില്‍ നിന്ന് ആയുധം കൊള്ളയടിച്ചതും ഉള്‍പ്പെടെയുള്ള കേസുകളാണ് എന്‍ഐഎ അന്വേഷിച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുഎന്‍എല്‍എഫ് പ്രവര്‍ത്തകരില്‍ നിന്നും ആയുധങ്ങള്‍, മെബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. 

ഡിജിറ്റല്‍ പരിശോധനയിലാണ് മെയ്തി സംഘടനയ്ക്ക് ബിജെപി എംഎല്‍എമാര്‍ സംഭാവന നല്‍കിയെന്ന് തെളിഞ്ഞത്. മെയ്തികള്‍ക്ക് പട്ടിക വര്‍ഗ പദവി അനുവദിച്ചതിന് പിന്നാലെ 2023 മേയ് മാസം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതിനകം 300 ഓളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. 

Exit mobile version