Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം തുടരുന്നു; കേന്ദ്രമന്ത്രിയുടെ വീട് കത്തിച്ചു

മണിപ്പൂരില്‍ വീണ്ടും കുക്കി-മെയ്തി സംഘര്‍ഷം രൂക്ഷമായി. കേന്ദ്രമന്ത്രി ആര്‍ കെ ര‍ഞ്ജന്റെ വീടിന് ആള്‍ക്കൂട്ടം തീയിട്ടു. നൂറുകണക്കിന് സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേ ആയിരുന്നു അക്രമവും തീവയ്പും. ഇംഫാലില്‍ പലയിടത്തും ആയുധധാരികളായ സംഘങ്ങളും ദ്രുതകര്‍മ്മ സേനയും ഏറ്റുമുട്ടി.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം വീണ്ടും കൂടുതല്‍ രൂക്ഷമായത്. രാത്രിയോടെ ആയിരത്തിലധികം വരുന്ന ആള്‍ക്കൂട്ടം കേന്ദ്ര മന്ത്രിയുടേതടക്കം വീടുകള്‍ക്ക് തീയിടുകയും ദ്രുതകര്‍മ്മസേനയുമായി ഏറ്റുമുട്ടുകയുമായിരുന്നു. രണ്ട് പ്രതിഷേധക്കാര്‍ക്കും രണ്ട് സേനാംഗങ്ങള്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. നോങ്മെയ്ബുങിലും വാങ്ഖേയിലും പ്രധാനറോഡുകള്‍ തടഞ്ഞാണ് പ്രതിഷേധം ആരംഭിച്ചത്. സുരക്ഷാ ജീവനക്കാരുടെയും അഗ്നിശമനസേനാംഗങ്ങളുടേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീയണയ്ക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരിലും വശീയ ഭിന്നത രൂപപ്പെട്ടതാണ് സംസ്ഥാനത്തെ സംഘര്‍ഷത്തിന് അയവില്ലാത്തതിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷ സ്ഥലത്തെത്തുന്ന സൈനികരിലെ ഇരുവിഭാഗങ്ങളും അക്രമികളഎ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പൊലീസുകാര്‍തന്നെ വാഹനങ്ങള്‍ക്ക് തീയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം സംസ്ഥാനമന്ത്രിയുടെ വസതിക്കുനേരെയും ആക്രമണമുണ്ടായിരുന്നു. അക്രമികള്‍ തന്റെ വീടുകത്തിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി ആര്‍ കെ രഞ്ജന്‍ പ്രതികരിച്ചു. മന്ത്രി നിലവില്‍ കേരളത്തിലാണുള്ളത്. മേയ് മൂന്നിന് മെയ്തി-കുക്കി വിഭാഗങ്ങള്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഞാന്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുക്കി വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുനേര്‍ക്ക് ഇന്നലെ വൈകിട്ട് വീണ്ടും ആക്രമണമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെയും അഗ്നിശമനാ സേനാംഗങ്ങളുടെയും തീവ്രശ്രമത്താല്‍ തീ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതിന് മുമ്പെ അണച്ചു. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കണ്ണീര്‍ വാതകം പ്രയോഗിച്ച് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു. കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ട്.

നടപ്പാക്കുന്നത് വംശഹത്യ; കുക്കി സംഘടന വീണ്ടുംസുപ്രീം കോടതിയിലേക്ക്

കുക്കി ഗോത്രവര്‍ഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള വംശഹത്യാ അജണ്ടയാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന ആരോപണവുമായി മണിപ്പൂര്‍ ട്രൈബല്‍ ഫോറം സുപ്രീം കോടതിയില്‍.
സൈന്യത്തെ ഉപയോഗിച്ച് ന്യൂനപക്ഷ വിഭാഗമായ കുക്കികളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കുക്കികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന കോടതിയില്‍ ആവശ്യപ്പെടുന്നു.

അടിയന്തര ഇടപെടല്‍ വേണം

കേന്ദ്രത്തിലും സംസ്ഥാനത്തും ഭാരതീയ ജനതാ പാര്‍ട്ടി നടത്തുന്ന വിഭജന രാഷ്ട്രീയം മൂലം മണിപ്പൂര്‍ കത്തുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രമുഖവ്യക്തികളുടെയും സംഘം. 550 ഉന്നത‑പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വിഷയത്തില്‍ മൗനം വെടിയണമെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ്സ്, ഭഗത്‌സിങ് അംബേക്കര്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളും രാജ്യസഭാ എംപി മനോജ് കുമാര്‍, ആക്ടിവിസ്റ്റുകളായ കവിത ശ്രീവാസ്തവ, ബൃന്ദ അഡിഗേ, സെഡ്രിക് പ്രകാശ് തുടങ്ങിയ പ്രമുഖരുമാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Manipur riots con­tin­ue; The Union Min­is­ter’s house was burnt

You may also like this video

Exit mobile version