Site iconSite icon Janayugom Online

മണിപ്പൂര്‍ നഗ്ന പീഡനം: പീഡിപ്പിച്ചത് കുഞ്ഞിന്റെ മുമ്പില്‍ വച്ച്, കൊലപാതകം നേരിട്ട് കണ്ടു; വെളിപ്പെടുത്തലുമായി ഇര

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ തലകുനിച്ച മണിപ്പൂരിലെ വിവാദ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവം വിശദീകരിച്ച് പീഡനത്തിനിരയായ കുക്കി സ്ത്രീ രംഗത്ത്. ഇന്നലെ ‘ദ വയര്‍’ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം യുവതി വിവരിച്ചത്.

മേയ് നാലിനാണ് ലോകത്ത് മറ്റൊരു സ്ത്രീക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ക്രൂരമായ അനുഭവം നേരിട്ടതെന്ന് അവര്‍ പറഞ്ഞു. നാലു വയസുള്ള കുട്ടിയുടെ മാതാവായ തന്നെ കുട്ടിയുടെ മുന്നില്‍ വച്ചാണ് മെയ്തി വിഭാഗത്തിലെ കലാപകരികള്‍ പീഡിപ്പിച്ചത്. കേണപേക്ഷിച്ചിട്ടും ദയകാട്ടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

സംഭവദിവസം അതിരാവിലെ മെയ്തി വിഭാഗത്തില്‍പ്പെട്ട അയല്‍ക്കാര്‍ തന്നെയാണ് കലാപകാരികള്‍ തങ്ങളുടെ ഗ്രാമം ലക്ഷ്യമാക്കി നീങ്ങുന്ന വിവരം അറിയിച്ചത്. കലാപകാരികള്‍ എത്തുന്നതിന് മുമ്പ് പ്രദേശം വിട്ടു പോകാന്‍ അവര്‍ ഉപദേശിച്ചു. ചിലര്‍ കാട്ടിനുള്ളിലേയ്ക്ക് പാലയനം ചെയ്തു. നാലു വയസുള്ള തങ്ങളുടെ കുട്ടിയെ മറ്റുള്ളവരോടൊപ്പം അയച്ചു. താനും ഭര്‍ത്താവും കാട്ടിലേക്ക് രക്ഷപ്പെടാന്‍ തയ്യറെടുക്കുന്നിതിടെയാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. ഭര്‍ത്താവ് മറ്റൊരു സംഘത്തോടൊപ്പം കാട്ടിലേയ്ക്ക് പോകുകയും, താന്‍ വേറെരു വഴിയിലുടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും അക്രമികളുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ചുരാചന്ദ്പൂരില്‍ മെയ്തി സ്ത്രീകളെ കുക്കി പുരുഷന്‍മാര്‍ മാനഭംഗപ്പെടുപ്പെടുത്തിയെന്ന് അക്രമികള്‍ ആക്രോശിച്ചു. അതിനു് ബദലായി തന്നെ മാനഭംഗപ്പെടുത്തുമെന്ന് അക്രമികള്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഒരു അച്ഛനും മകനും മകളും തനിക്ക് നേരെയുള്ള അതിക്രമം ചെറുക്കാന്‍ ശ്രമിച്ചുവെങ്കിലും അവരെ അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു.

താന്‍ കാലില്‍ വീണ് അപേക്ഷിച്ചിട്ടും അവര്‍ പിന്‍മാറിയില്ല. ‘മരിക്കേണ്ട എന്നുണ്ടെങ്കില്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയോടും ഇതേ ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് ആയിരത്തോളം വരുന്ന അക്രമികള്‍ രണ്ടുപേരെയും നഗ്നരാക്കി നടത്തിച്ചു. തുടര്‍ന്ന് വയലില്‍ കൊണ്ടു പോയി പീഡിപ്പിതായും ഇര പറഞ്ഞു. എന്നാല്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന മെയ്തി വിഭാഗത്തിലെ തന്നെ ചില പുരുഷന്‍മാരാണ് തങ്ങളെ രക്ഷിച്ചത്. അവര്‍ അവരുടെ ഷര്‍ട്ട് നല്‍കിയാണ് ഞങ്ങളെ പുറത്തെത്തിച്ചത്.
സംഭവത്തില്‍ പീഡനത്തിനിരയായ ഇരയുടെ ഭര്‍ത്താവും അഭിമുഖം നല്‍കി. ഭാര്യയും താനും ഇരുവഴികളായി പിരിഞ്ഞത് കാരണം ഈ ദാരുണ സംഭവം വൈകിയാണ് അറിഞ്ഞതെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായ അദ്ദേഹം പ്രതികരിച്ചു. ആയിരത്തോളം വരുന്ന മെയ്തി അക്രമികളുടെ ഇടയിലുണ്ടായിരുന്ന പരിചയക്കാരുടെ സഹായത്തോടെയാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന രണ്ടാഴ്ച കഴിഞ്ഞ് മെയ് 18ന് ഇതു സംബന്ധിച്ച് നോന്‍പോക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത തനിക്ക് സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. അധികൃതരില്‍ നിന്നും തനിക്കും കുടുംബത്തിനും നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ്തി-കുക്കി സംഘര്‍ഷം എന്ന് വ്യാഖ്യാനിക്കുന്ന കലാപത്തില്‍ തങ്ങളുടെ രക്ഷയ്ക്ക് എത്തിയത് മെയ്തി വിഭാഗത്തിലെ ചിലര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Manipur Sex­u­al Assault Case; Vic­tims Reveal
You may also like this video

 

 

Exit mobile version