Site iconSite icon Janayugom Online

മണിപ്പൂരില്‍ തീപടര്‍ത്തിയത് ബിജെപിയുടെ കലാപക്കൈ

ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ ബിജെപിക്ക് നേരിട്ട് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി മണിപ്പൂര്‍ ട്രൈബല്‍ ഫോറം സുപ്രീം കോടതിയില്‍. കലാപക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. അക്രമങ്ങളെ തുടര്‍ന്ന് വീടുകള്‍ വിട്ട് പോകേണ്ടി വന്ന ഗോത്ര വിഭാഗക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.

മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അഡ്വ. സത്യമിത്ര മുഖേന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. വംശഹത്യയ്ക്ക് തുല്യമായ നടപടികള്‍ക്കാണ് മണിപ്പൂര്‍ ഒരാഴ്ചയായി സാക്ഷ്യം വഹിക്കുന്നത്. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ നടപടിയെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.  മെയ്തി വിഭാഗം സംഘടിതമായി സെമി ഓട്ടോമാറ്റിക് തോക്കുകള്‍ സഹിതം കുക്കി ആദിവാസികളെ തേടി വീടുകളില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതിന്റെ വീഡിയോ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മലയോര മേഖലയിലെ 58 ഗ്രാമങ്ങളില്‍ മെയ്തി വിഭാഗക്കാരുടെ സംഘടിത ആക്രമണമുണ്ടായി. 41 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു. ഇതുവരെ 30 ഗോത്ര വര്‍ഗക്കാര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും 132 പേര്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അയല്‍ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിലും സംഘര്‍ഷങ്ങള്‍ തടയുന്നതിലും സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സര്‍ക്കാരും നേരത്തെ വിലയിരുത്തിയിരുന്നു. മെയ്തി സമുദായത്തിന് പട്ടികവർഗ പദവി നല്‍കുന്ന ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. വിഷയത്തില്‍ മണിപ്പൂരിലെ ബിജെപി എംഎൽഎയും സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. മണിപ്പൂർ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഹിൽ ഏരിയ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ഡിംഗംഗ്‌ലുങ് ഗാങ്‌മേയാണ് സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്ത് കലാപത്തിന് കാരണമായെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്ന ഈ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് സെക്രട്ടറിയെ മാറ്റി

സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി. ഡോ. രാജേഷ് കുമാറിനെ മാറ്റി പകരം വിനീത് ജോഷിക്ക് ചുമതല നല്‍കി.
സംഘര്‍ഷത്തിന് നേരിയ അയവുണ്ടായതോടെ വ്യാപാരസ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഗതാഗതവും നേരിയ തോതില്‍ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ ഏഴ് മുതല്‍ 10 വരെ മൂന്ന് മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. സംഘര്‍ഷബാധിത മേഖലകളിലേക്ക് 10,000 ത്തോളം സൈനികരെ നിയോഗിച്ചിട്ടുണ്ട്. അക്രമം രൂക്ഷമായ മലയോരമേഖലകളില്‍ നിന്ന് മെയ്തികളേയും ഇംഫാല്‍ താഴ്‌വരയില്‍ നിന്ന് കുക്കികളെയും ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇതുവരെ 23,000 ത്തോളം പേരെ ക്യാമ്പുകളിലാക്കിയിട്ടുണ്ട്.
സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പാർട്ടികളും പിന്തുണയ്ക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ആവശ്യപ്പെട്ടു.
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

Eng­lish Sum­ma­ry; Manipur was set on fire by BJP’s riot arm
You may also like this video

Exit mobile version