കലാപകലുഷിതമായ മണിപ്പൂരിൽ നിന്നെത്തിയ പിഞ്ചു ബാലികയെ ചേര്‍ത്തുപിടിച്ച് കേരളം. മണിപ്പൂരിലെ പ്രശ്ന ബാധിത പ്രദേശത്ത് നിന്നും ബന്ധുവിനൊപ്പമാണ് ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയ് കേരളത്തിലെത്തിയത്. മണിപ്പൂരിലെ നഖുജാം സ്വദേശിനിയായ ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്തു. അവര്‍ അവിടെ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇപ്പോള്‍ കഴിയുന്നത്.
ഇങ്ങനെയൊരു സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് ടിസി ഉള്‍പ്പെടെയുള്ള മറ്റു രേഖകൾ ഒന്നും ഹാജരാക്കാനില്ലായിരുന്നു. എങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറായി. അങ്ങിനെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡൽ ഗവൺമെന്റ് എൽപി സ്കൂളിൽ മൂന്നാം ക്ലാസിൽ ചേർന്നു. യൂണിഫോം അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ മകളായി ജേ ജെം വളരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജേ ജെമ്മിനെ തൈക്കാട് സ്കൂളിലെത്തി നേരില്‍ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടിയുടെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
english summary; manipuri girl je-jem-is now the-adopted daughter-of kerala
you may also like this video;