Site iconSite icon Janayugom Online

മണിയൻപിള്ള രാജു ക്യാൻസറിനെ അതിജീവിച്ചു; ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നും മകൻ

നടൻ മണിയൻപിള്ള രാജു ക്യാൻസറിനെ അതിജീവിച്ചുവെന്നും ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്നും മകൻ നിരഞ്ജ് മണിയൻപിള്ള രാജു.
മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച വ്യാജ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നിരഞ്ജ്. മമ്മൂട്ടിയുടെ മാനേജർ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മണിയൻപിള്ള രാജുവിന്റെ മെലിഞ്ഞ രൂപം ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു. 

താരത്തിന്റെ ശബ്ദം പോലും നഷ്ടമായെന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുകയാണെന്നുമായിരുന്നു പ്രധാനമായും പ്രചരിച്ച വാർത്തകൾ. അച്ഛന് തൊണ്ടയിൽ കാൻസർ ആയിരുന്നുവെന്നും കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ തൈറോഡിൽ വ്യതിയാനം സംഭവിച്ചുവെന്നും അതാണ് മെലിയാൻ കാരണമെന്നും നിരഞ്ജ് പറഞ്ഞു. കീമോ ചികിത്സയ്ക്ക് ശേഷം വായിലെയും തൊണ്ടയിലെയും തൊലി ശരിയായി വരാൻ ആറു മാസം എടുക്കുമെന്നും അപ്പോൾ നല്ല ഭക്ഷണം കഴിച്ചുതുടങ്ങിയാൽ പോയ വണ്ണം തിരിച്ചു വരുമെന്നും നിരഞ്ജ് കൂട്ടിച്ചേർത്തു. അതേസമയം, മോഹൻലാൽ ചിത്രം ‘തുടരും’ ആണ് മണിയൻപിള്ളയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആരോഗ്യം വീണ്ടെടുത്ത താരം ഷൂട്ടുകൾക്ക് പോകാനുള്ള തയാറെടുപ്പിലാണെന്നും നിരഞ്ജ് പറയുന്നു.

Exit mobile version