മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ഇനി ഹൈക്കോടതിയിലേക്ക്. കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള കാസർകോട് ജില്ലാപ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യാൻ സർക്കാർ നടപടിയാരംഭിച്ചു.
ഇതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പബ്ലിക് പോസിക്യൂട്ടറോട് നിയമോപദേശം തേടി. ഇതോടെ സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ നിയമപോരാട്ടം തുടരും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ മണികണ്ഠറൈ, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരെ ഒക്ടോബർ അഞ്ചിനാണ് ജില്ലാ കോടതി കുറ്റവിമുക്തരാക്കിയത്.
തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റം തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും അടിസ്ഥാന നിയമം പോലും പാലിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കുറ്റപത്രം നൽകിയതിലെ കാലതാമസത്തെയും കോടതി വിമർശിച്ചിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിഎസ്‍പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ പത്രിക പിൻവലിപ്പിക്കാൻ തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോണും രണ്ടര ലക്ഷം രൂപയും കോഴയായി നൽകിയെന്നുമാണ് കേസ്. 2021 മാർച്ച് 21നും 22നും ഇടയിലാണ് സംഭവം. മഞ്ചേശ്വരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ 2021 ജൂൺ ഏഴിന് കാസർകോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് കോടതി നിർദ്ദേശപ്രകാരം ബദിയടുക്ക പൊലീസാണ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. മഞ്ചേശ്വരം കോഴക്കേസ് സംബന്ധിച്ച് അന്വേഷണസംഘം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് ഒരു വർഷവും ഏഴുമാസവും കഴിഞ്ഞ് 2023 ജനുവരി ഒന്നിനാണ്.
ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം നൽകാതിരുന്നത് കേസിന്റെ തുടർനടപടികളെ ദുർബലപ്പെടുത്തിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കാലതാമസത്തിനുള്ള കാരണം കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. പട്ടികജാതി-വർഗ അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. ഈ കേസ് എസ് എം എസ് ഡിവൈഎസ്പി അന്വേഷിക്കേണ്ടതിന് പകരം മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ചത് നിയമാനുസൃതമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.