Site iconSite icon Janayugom Online

മാന്നാർ കൊലപാതകം: കാറിൽ മൃതദേഹം കണ്ടെന്ന് ദൃക്‌സാക്ഷി

mannarmannar

മാന്നാർ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി മറ്റൊരു ദൃക്‌സാക്ഷി കൂടി രംഗത്ത്. മൃതദേഹം മറവ് ചെയ്യുന്നതിന് സഹായം തേടി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി കൊല്ലപ്പെട്ട കലയുടെ അയൽവാസിയും പ്രതികളുടെ സുഹൃത്തുമായ ചെന്നിത്തല ഇരമത്തൂർ മൂന്നാം വാർഡിൽ വിനോദ് ഭവനിൽ സോമൻ (70) വെളിപ്പെടുത്തുന്നു.കൊല നടന്ന ദിവസം കലയുടെ ജഡം ഒരു കാറിൽ കടത്തിക്കൊണ്ടു പോകുന്നത് കണ്ടതായും ഇയാൾ പറയുന്നു. കഴുത്തിൽ ഷാൾ ചുറ്റി മുറുക്കിയ നിലയിലായിരുന്നു ജഡം. പൊലീസ് കസ്റ്റഡിയിലുളള ജിനുവും പ്രമോദും കാറിലുണ്ടായിരുന്നു. മറ്റൊരാൾ സമീപത്ത് മാറി നിൽക്കുകയായിരുന്നു. എന്നാൽ ഭയം മൂലം താൻ അവിടെ നിന്നും പിൻവാങ്ങുകയായിരുന്നെന്നാണ് സോമൻ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം സോമൻ കഴിഞ്ഞ ദിവസം പൊലീസിനെയും അറിയിച്ചിരുന്നു. ഇതുവരെ വിവരം പുറത്തു പറയാതിരുന്നത് പ്രതികളുടെ ഭീഷണി ഭയന്നാണെന്ന് സോമൻ പറയുന്നു. 

മാന്നാർ സ്വിച്ച് ഗിയർ ഫാക്ടറിയുടെ സമീപമുള്ള കുളത്തിൽ മറവ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് തൊട്ടടുത്തുള്ള മീൻ കുളത്തിൽ കുഴിച്ചിടാനും തീരുമാനിച്ചു. പിന്നീട് മൃതദേഹം എവിടെയാണ് മറവ് ചെയ്തതെന്ന് തനിക്കറിയില്ലെന്നും സോമൻ പറഞ്ഞു. മാന്നാർ എസ്എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്നാണ് സൂചന. 

കൊലയ്ക്ക് പിന്നിലുളള കാരണങ്ങളും മൃതദേഹം കുഴിച്ചിട്ട സ്ഥലവും കൃത്യമായി കണ്ടെത്തണമെങ്കിൽ കലയുടെ ഭർത്താവ് അനിലിനെ ജോലി ചെയ്യുന്ന ഇസ്രയേലിൽ നിന്നും വരുത്തേണ്ടതുണ്ട്. അതിനുളള ശ്രമത്തിലാണ് പൊലീസ്. അതേസമയം, ആദ്യ ദൃക്‌സാക്ഷിയായി വന്ന് പൊലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്തിയ സുരേഷ് കുമാറിനും കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ ഇതുസംബന്ധിച്ച വ്യക്തത പൊലീസിന് ലഭിച്ചതായും അറിയുന്നു.
ഇപ്പോൾ കസ്റ്റഡിയിലുളള പ്രതികളുടെ കസ്റ്റഡി നീട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പ്രതികൾ മൂന്ന് പേരും ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി കാര്യങ്ങൾ വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും വേണ്ടി വരുമെന്നാണ് അന്വേഷണസംഘം പറയുന്നത്. 

Eng­lish Sum­ma­ry: Man­nar mur­der: Eye­wit­ness sees body in car

You may also like this video

Exit mobile version