പുഴുവരിച്ച കുഴിമന്തി വില്പന നടത്തിയ ഹോട്ടൽ ആരോഗ്യവകുപ്പും കൊരട്ടി ഗ്രാമപഞ്ചായത്തും ചേർന്ന് പൂട്ടിച്ചു. കൊരട്ടി ദേശീയപാതയിലുള്ള മജ്‌ലിസ് ഹോട്ടലാണ് പരാതിയെ തുടർന്ന് പൂട്ടിയത്. അൽഫാം മന്തി കഴിക്കാനെത്തിയവർക്ക് ലഭിച്ച ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് അവർ വീഡിയോ സഹിതം പഞ്ചായത്തിൽ വിവരമറിയിക്കുകയായിരുന്നു. റെയ്‌ഡിൽ ഹോട്ടൽ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും ഹോട്ടലിന് ആരോഗ്യവകുപ്പിന്‍റെ സാനിറ്ററി സർട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസൻസോ ഇല്ലെന്നും കണ്ടെത്തി. മതിയായ രേഖകളോടെ മാത്രമേ തുറക്കാവൂ എന്ന നിബന്ധനയോടെയാണ് ഹോട്ടൽ അടച്ചുപൂട്ടിയത്.
കൊരട്ടി പള്ളി തിരുനാൾ പ്രമാണിച്ച് ധാരാളം പേർ ഭക്ഷണം കഴിക്കാനായി എത്തുന്ന സമയത്താണ് വൃത്തിഹീനമായ ഭക്ഷണം ഹോട്ടലുകാർ വിളമ്പിയത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസും കനത്ത പിഴയും നൽകിയിരുന്നു .
ഹെൽത്ത് ഇൻസ്‌പെക്ടർ ടി എസ് മനോജ്, ആരോഗ്യവകുപ്പ് ജീവനക്കാരായ രാധാകൃഷ്ണൻ, ജോമോൻ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ കെ കെ ബിജു, ഷാജി, മാലിന്യമുക്തം കോർഡിനേറ്റർ മൊഹ്സിന ഷാഹു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്.