പശ്ചിമേഷ്യയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തിൽ 75 പേർ മരിച്ചു. നുസൈറാത്തിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തിൽ 16പേരും മരിച്ചു. കമൽ അദ്‌വാൻ ആശുപത്രിക്കു നേരെ നടത്തിയ ബോംബാക്രമണത്തിൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകർന്നു.
നിരവധി ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റു. തെക്കൻ ലബനാനിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 45 പേരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ ബെറൂതിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽനിന്ന് ആളുകൾ മാറിപ്പോകണമെന്ന് ഇസ്രേയേൽ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗാസയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രയേൽ ആക്രമണത്തെ തുടർന്ന് അടച്ചു. ഗാസയിൽ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കാതെ ബന്ദിമോചനം സാധ്യമാകില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് താഹിർ നുനു പറഞ്ഞു. ഏതാനും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരു മാസം വരെയുള്ള വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ച മധ്യസ്ഥ രാജ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.