Site iconSite icon Janayugom Online

നൈജീരിയയില്‍ 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഗ്രാമം അഗ്നിക്കിരയാക്കി; ബോക്കോ ഹറാം ഭീകരരെന്ന് റിപ്പോര്‍ട്ട്

നൈജീരിയയിലെ മുസ്സ ജില്ലയില്‍നിന്ന് ബോക്കോ ഹറാം തീവ്രവാദികള്‍ കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. കൃഷിയിടങ്ങളില്‍നിന്ന് മടങ്ങിവരുന്നതിനിടെ വൈകുന്നേരം അഞ്ചു മണിയോടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മഗുമേരി ഗ്രാമത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ട ആക്രമണം നടത്തിയ തീവ്രവാദികള്‍ വീടുകളും വാഹനങ്ങളും കടകളും ഉള്‍പ്പെടെ ഗ്രാമം കത്തിക്കുകയും ചെയ്തു.”അസ്‌കിറ ഉബയില്‍ കൃഷിയിടത്തില്‍നിന്ന് മടങ്ങുകയായിരുന്ന പന്ത്രണ്ട് സ്ത്രീകളെ ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയി.” ബോര്‍ണോ സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എഎസ്പി നഹും ദാസോ പറഞ്ഞു.

മഗുമേരി ഗ്രാമത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികള്‍ വീടുകള്‍ക്കും മറ്റും തീയിടുന്നതിന് മുമ്പ് ആളുകളെ ഭയപ്പെടുത്തി ഓടിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തങ്ങുന്നുണ്ട്.

നൈജീരിയയില്‍ സായുധസംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയുധധാരികളായ ഒരു സംഘം നൈജീരിയന്‍ തലസ്ഥാനമായ അബുജയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളില്‍ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി.

Exit mobile version