131–ാം മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും. 15 വരെയാണ് കൺവെൻഷൻ. പകൽ 2.30 ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷനാകും. കണ്‍വന്‍ഷനിൽ അമേരിക്കയിൽ നിന്നുള്ള ഡോ. ക്ലിയോഫസ് ജെ ലാറു, സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ, ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് എന്നിവര്‍ മുഖ്യ പ്രസംഗകരാകും.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കൺവെന്‍ഷന്‍ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നല്‍കുന്നതും. ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തൽ, കൺവെൻഷൻ നഗറിലേക്കുള്ള താൽക്കാലിക പാലങ്ങൾ, പ്രത്യേക കുട്ടിപ്പന്തൽ എന്നിവ തയാറായി. ഉപയോഗശേഷം സൂക്ഷിച്ചു വയ്ക്കാവുന്ന തരം ബെയ്ലി മാതൃകയിലുള്ള പാലങ്ങളാണ് ഇത്തവണ പമ്പാ നദിക്ക് കുറുകെ പണിതിരിക്കുന്നത്. കൺവെൻഷന് എത്തുന്നവർക്കായി കെഎസ്ആർടിസി സമീപ ബസ് സ്റ്റാൻഡുകളിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.

