അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹരിയാനയിലെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ 15 മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്ത നടപടി മനുഷ്യത്വരഹിതമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ മാരത്തോണ്‍ ചോദ്യം ചെയ്യലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. പന്‍വാറിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച ബെഞ്ച് ഇഡിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. മനുഷ്യത്യരഹിതവും ധിക്കാരപൂര്‍വ്വവുമായ നടപടിയാണ് അന്വേഷണ ഏജന്‍സിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. തുടര്‍ച്ചയായി ഒരാളെ 15 മണിക്കൂര്‍ ചോദ്യം ചെയ്തതിലെ ഔചിത്യം ചോദ്യം ചെയ്ത കോടതി തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരിലല്ല മറിച്ച് അനധികൃത മണല്‍ ഖനനത്തിന്റെ പേരിലാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളില്‍ പ്രതികളെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. കേസിലെ പ്രതിയെ മൊഴികൊടുക്കാന്‍ ഫലത്തില്‍ നിര്‍ബന്ധം ചെലുത്തുന്ന നടപടിയാണ് ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ പരമോന്നത കോടതി വിസമ്മതിച്ചെങ്കിലും കള്ളപ്പണ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെ കോടതിയുടെ നിരീക്ഷണങ്ങള്‍ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.