Site iconSite icon Janayugom Online

‘മാര്‍ബര്‍ഗ് വൈറസ്’; ടാന്‍സാനിയയില്‍ എട്ടുപേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ കഗേര മേഖലയിലെ രണ്ട് ജില്ലകളിലാണ് രോഗം റിപോര്‍ട്ട് ചെയ്തത്. രോഗബാധിതരായ ഒമ്പത് പേരില്‍ എട്ട് പേരാണ് ഇതുവരെ മരണപ്പെട്ടത്. ടാന്‍സാനിയയിലെ ദേശീയ ലബോറട്ടറിയില്‍ രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് വരികയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ സമ്പര്‍ക്കം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

പകര്‍ച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി ആരോഗ്യ സംഘങ്ങളെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും റുവാണ്ട, ഉഗാണ്ട, ബുറുണ്ടി, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

‘മാര്‍ബര്‍ഗ് വൈറസ്’ പഴംതീനി വവ്വാലുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്നവയാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അല്ലെങ്കില്‍ രോഗബാധിതരായ ആളുകളുടെ രക്തത്തിലൂടെയോ മറ്റ് ശരീരസ്രവങ്ങളിലൂടെയോ വൈറസ് ആളുകള്‍ക്കിടയിലേക്ക് പകരും. ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട് പ്രകാരം, മാര്‍ബര്‍ഗിന് അംഗീകൃത വാക്‌സിനുകളോ ആന്റിവൈറല്‍ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Exit mobile version