ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ സെന്റ് ആന്റണീസ് ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യ തൊഴിലാളികള്‍ക്കും ബോട്ടുടമ അഞ്ച് ലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ബോട്ട് ഉടമയ്ക്ക് ലഭിച്ച തുകയില്‍ നിന്നാണ് ഇത് വിതരണം ചെയ്യേണ്ടതെന്നും ജസ്റ്റിസ് എം ആര്‍ ഷാ, എം എം സുന്ദരേഷ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
സെന്റ് ആന്റണീസ് ബോട്ടുടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ടു കോടിയില്‍ നിന്ന്, ബോട്ടിലെ തൊഴിലാളികളായ ഒമ്പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതമാണ് നല്‍കേണ്ടത്. ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കും തുകയ്ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇറ്റാലിയന്‍ നാവികരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലു കോടി വീതമാണ് നഷ്ടപരിഹാരം ലഭിച്ചത്. വെടിവയ്പിന് ഇരയായ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ടുകോടി രൂപയും. രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവു പ്രകാരമായിരുന്നു നഷ്ടപരിഹാരം. ബോട്ടുടമയായ ഫ്രഡിക്ക് ലഭിച്ച രണ്ടുകോടി രൂപയില്‍ തങ്ങള്‍ക്കുകൂടി അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ മത്സ്യ തൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
English Summary:Marine homicide case: Boat owner to pay compensation
You may also like this video