Site iconSite icon Janayugom Online

മാർക്ക് ദാനവിവാദം: നിയമ വിദ്യാർത്ഥികള്‍ നടത്തിവന്ന പ്രതിഷേധസമരം അവസാനിപ്പിച്ചു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തും

studentsstudents

മാര്‍ക്ക് ദാന വിവാദത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തില്‍, നിയമ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സബ് കളക്ടറുമായി നടത്തിയ ചർച്ചയിലായിരുന്നു പരിഹാരം. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന ഉറപ്പിലാണ് സമരം നിർത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് തുടങ്ങിയ സമരം 7 മണിക്കൂറോളമാണ് നീണ്ടത്. പ്രിന്‍സിപ്പൽ രാജിവയ്ക്കുക, അനര്‍ഹമായി ഒരുകുട്ടിക്ക് മാത്രം നല്‍കിയ മാർക്ക് റദ്ദാക്കുക, റാഗിം​ഗ് പരാതി പരിശോധിക്കുക, ഇതിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കുക എന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാലിതിൽ പ്രിന്‍സിപ്പൽ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജുമെന്‍റ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാർഥികൾ സമരം അവസാനിപ്പിച്ചില്ല.

തുടർന്ന് ഡിവൈഎസ്പി മുതല്‍ തഹസില്‍ദാര്‍ വരെ എത്തി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഒടുവിൽ രാത്രി 10 മണിയോടെ ഡീന്‍ കുര്യാക്കോസും സബ് കളക്ടർ അരുണ്‍ എസ് നായരുമെത്തി കുട്ടികളുമായി ചർച്ച നടത്തി. അതില്‍ കോളെജിന്‍റെ നിലവിലെ ഭരണസമിതിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താമെന്ന് ഉറപ്പു നൽകി. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ മാനേജുമെന്‍റും അധ്യാപകരും ചെയ്ത ക്രമക്കേടുകൾ അന്വേഷിക്കുമെന്ന ഉറപ്പിലാണ് കുട്ടികൾ സമരം അവസാനിപ്പിച്ചത്.തൊടുപുഴ കോഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ മുപ്പതോളം വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്. മതിയായ യോഗ്യതയില്ലാതിരുന്നിട്ടും അധ്യാപകർ ഒരു കുട്ടിക്ക് അധിക മാർക്ക് നൽകിയെന്ന ആരോപണം ഉന്നയിച്ചു സമരം ചെയ്ത ഏഴ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും റാഗിംഗ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ പ്രതികാര നടപടി പിൻവലിക്കണമെന്നും പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. 

എൽ എൽ ബി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്മെന്റിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്. 50 ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർത്ഥിക്ക് ഇന്റേണൽ മാർക്ക് ഏകദേശം പൂർണമായും നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ നിരവധി തവണ പരാതി നൽകിയിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കൂടി പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർത്ഥികൾ ആത്മഹത്യ ഭീഷണിയുമായി മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിലയുറപ്പിച്ചത്. തുടർന്ന് തൊടുപുഴ ഡിവൈ എസ് പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയർഫോഴ്സ് സംഘവും തഹസിൽദാർ എ എസ് ബിജിമോളും സ്ഥലത്തെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചെങ്കിലും വിദ്യാർത്ഥികൾ വഴങ്ങിയില്ല. ഇന്റേണൽ മാർക്ക് നൽകിയ വിഷയത്തിൽ പിശക് പറ്റിയെന്നും അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് വിശദീകരണം നൽകി. 

Eng­lish Sum­ma­ry: Mark Dona­tion Con­tro­ver­sy: Protest by law stu­dents called off; Admin­is­tra­tive rule will be imposed

You may also like this video

Exit mobile version