Site iconSite icon Janayugom Online

തദ്ദേശിയ ഉല്പന്നങ്ങളുടെ വിപണനം; വ്യവസായ വകുപ്പിന്റെ ‘കെ ഷോപ്പി ’തയ്യാര്‍

KShopeeKShopee

തദ്ദേശിയ ഉല്പന്നങ്ങൾക്ക് ഓൺലൈൻ വിപണി ഒരുക്കുന്നതിനായി ഇ‑കൊമേഴ്സ് പ്ലാറ്റ്ഫോം കെഷോപ്പി യുമായി വ്യവസായ വകുപ്പ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ ഒരു ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുകയാണ് കെഷോപ്പിയുടെ ലക്ഷ്യം.
പൊതുമേഖലയുടെ ഉല്പന്നങ്ങൾക്ക് ആഗോളതലത്തിൽ പ്രചാരം ലഭിക്കുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ വില്പന വർദ്ധിപ്പിച്ച് സാമ്പത്തിക ലാഭം കൈവരിക്കുന്നതിനും പ്ലാറ്റ്ഫോം സഹായകമാകും. നിലവിൽ 20 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350ഓളം ഉല്പന്നങ്ങൾ kshoppe. in പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കെൽട്രോണിന്റെ സഹായത്തോടെ ബിപിടി (ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ) യുടെ മേൽനോട്ടത്തിലാണ് പോർട്ടൽ തയ്യാറാക്കിയത്. പ്രമുഖ ഓൺലൈൻ വിൽപന വെബ്സൈറ്റുകളുടെ മാതൃകയിൽ ഓൺലൈനായി പണമടച്ചു കെഷോപ്പിയിൽ നിന്നും സാധനങ്ങൾ വാങ്ങാം. തപാൽ വകുപ്പ് വഴി ഉല്പന്നങ്ങൾ സമയബന്ധിതമായി വീട്ടിൽ എത്തിക്കും. 

കയർക്രാഫ്റ്റ്, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, ഹാൻഡ്ടെക്സ്, കാഡ്കോ, ഹാൻഡി ക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ കേരള, ക്യാപെക്സ് കാഷ്യൂസ്, കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്മെന്റ് കോർപറേഷൻ, കേരള സോപ്സ്, കേരള ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡ്( കെസിസിപിഎൽ), ഹാൻവീവ്, കെൽട്രോൺ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, ട്രാൻവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ്, കൊക്കോണിക്സ്, കേരള ഇലക്ട്രിക്കൽ ആൻഡ് അപ്ലൈഡ് എഞ്ചിനീയറിങ് കോർപറേഷൻ തുടങ്ങിയവയുടെ ഉല്പന്നങ്ങളാണ് കെ-ഷോപ്പിയിൽ ലഭിക്കുക. കൂടാതെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ഉല്പന്നങ്ങൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് ഉല്പാദകരിൽ നിന്ന് വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും. 

Exit mobile version