ഓൺലൈനിൽ വിവാഹ പരസ്യം നൽകി വിവിധ ജില്ലകളിലെ പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റിൽ. ആര്യനാട് സ്വദേശിയായ ഒരു പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടുമുൻപാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹത്തിന് മുന്നോടിയായി യുവതിയുടെ പെരുമാറ്റത്തിൽ വരനും കുടുംബത്തിനും ചില സംശയങ്ങൾ തോന്നിയിരുന്നു. തുടർന്ന്, വിവാഹത്തിന് തൊട്ടുമുൻപ് യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ, മുൻപ് വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിവാഹക്കത്തുകളും കണ്ടെത്തുകയായിരുന്നു. ഇതോടെ ഉടൻതന്നെ ആര്യനാട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് യുവതിയുടെ വിവാഹത്തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവന്നത്.
പത്തിലധികം വിവാഹങ്ങൾ ചെയ്തശേഷമാണ് യുവതി ആര്യനാട് സ്വദേശിയായ യുവാവിനെ സമീപിച്ചത്. പഞ്ചായത്ത് അംഗം കൂടിയായ ഈ യുവാവ് വിവാഹാലോചനകൾ ക്ഷണിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഈ പരസ്യം വഴിയാണ് യുവതി യുവാവിൻ്റെ നമ്പർ കണ്ടെത്തിയത്. രേഷ്മയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം വിളിക്കുന്നത്. പിന്നീട് രേഷ്മ എന്ന പേരിലും സംസാരിച്ചു. കോട്ടയത്തെ ഒരു മാളിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പല കാര്യങ്ങളിലും സംശയം തോന്നിയതിനാലാണ് യുവതി മേക്കപ്പ് റൂമിൽ കയറിയ സമയത്ത് യുവാവ് ബാഗ് പരിശോധിക്കാൻ തീരുമാനിച്ചത്.

