Site iconSite icon Janayugom Online

വിഴിഞ്ഞത്തെ മുഖംമൂടി ആക്രമണം; വയോധിക അടക്കം 7 പേര്‍ പിടിയില്‍, ക്വട്ടേഷൻ 2 വർഷം മുമ്പ് മരുമകൾ വിറ്റ വീടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന്

വിഴിഞ്ഞത്തിന് സമീപം ഉച്ചക്കടയിൽ വീടുകയറി മുഖംമൂടി ആക്രമണം നടത്തുകയും ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് പേരെ പൊലീസ് പിടികൂടി. ഒരു വയോധിക ഉൾപ്പെടെ ഏഴ് പേരാണ് പിടിയിലായത്. ഗൃഹനാഥനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ സി ഭവനിൽ ചന്ദ്രിക, സമീപവാസിയായ സുനിൽകുമാർ, കാഞ്ഞിരംകുളം മല്ലൻകുളം സ്വദേശി ഷൈജു, കാഞ്ഞിരംകുളം തടത്തിക്കുളം സ്വദേശി രാകേഷ്, ഉച്ചക്കട സ്വദേശി അനൂപ് എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ, ഭഗവത്കുമാർ എന്നിവരും പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ സംഘം വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശേഷം വഴിയരികില്‍ ഉപേക്ഷിച്ചു. ഉച്ചക്കട ആർ സി ഭവനിൽ വിശ്വാമിത്രനെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് കൈക്കും കാലിനും പരിക്കേറ്റിരുന്നു.

സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. രണ്ട് വർഷം മുമ്പ് ചന്ത്രികയുടെ മരുമകള്‍ വാങ്ങിയ വീടിനെ ചൊല്ലിയുള്ള തർക്കമാണ് ക്വട്ടേഷനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് കോടിക്ക് വിശ്വാമിത്രന് വിറ്റ  ഈ സ്ഥലത്തിന് നാല് കോടി രൂപ വിലവരുമെന്നു പറഞ്ഞ്, മരുമകൾ വില്‍പ്പന നടത്തിയ വീട്ടിൽ ചന്ദ്രിക കയറി താമസിക്കുകയായിരുന്നു. ഇതോടെ വിശ്വാമിത്രനും ഭാര്യയും ഇവിടെക്ക് താമസം മാറ്റുകയും തുടർന്ന് ഇരുവിഭാഗവും കോടതിയെ സമീപിച്ചു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതര സംസ്ഥാനക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Exit mobile version