സമൂഹമാധ്യമമായ ട്വിറ്റര്‍ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു. ഈ ആഴ്ചയില്‍ മെറ്റയില്‍ വന്‍ പിരിച്ചുവിടല്‍ നടക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നും വാള്‍സ്‌ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്‌തു. മൈക്രോസോഫ്റ്റ്, ഇന്റല്‍, സ്നാപ്, സീഗേറ്റ് തുടങ്ങിയ ടെക്നോളജി ഭീമന്മാരും ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ പാതയിലാണ്.
ഫേസ്ബുക്കിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ജീവനക്കാരെ വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. നാളെ ഔദ്യോഗികമായി പിരിച്ചുവിടല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി 87,000 പേരാണ് ജോലി ചെയ്യുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. ജൂണില്‍ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മെറ്റ ചീഫ് പ്രൊഡക്‌ട് ഓഫീസര്‍ ക്രിസ് കോക്‌സ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ വര്‍ഷം ഇതിനകം ഓഹരിവിപണി മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടം മെറ്റ രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്‌ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റയ്ക്കു തിരിച്ചടിയായത്. കമ്പനിയുടെ വരുമാനം തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളില്‍ ഇടിഞ്ഞിരുന്നു.
ഫേസ്ബുക്കില്‍ ജോലി നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം ഒരു വര്‍ഷത്തിനിടയില്‍ ഒരു പ്രധാന ടെക്നോളജി കോര്‍പ്പറേഷനില്‍ ഇന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. യുഎസില്‍ 2022 ല്‍ മാത്രം 45,000 പേര്‍ക്ക് ടെക്നോളജി മേഖലയില്‍ ജോലി നഷ്ടമായിട്ടുണ്ട്.
ഹാര്‍ഡ് ഡിസ്ക് നിര്‍മ്മാതാക്കളായ സീഗേറ്റ് എട്ട് ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു. ഇതിന്റെ ഭാഗമായി 3000 ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ചിപ്പ് നിര്‍മ്മാതാക്കളായ ഇന്‍ഡല്‍ അടുത്തവര്‍ഷത്തോടെ 300 കോടിയുടെ ചെലവ് ചുരുക്കലാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ളതിന്റെ 20 ശതമാനം ജീവനക്കാരെ കുറയ്ക്കേണ്ടിവരും.
മൈക്രോസോഫ്റ്റ് കഴിഞ്ഞമാസം തന്നെ ജീവനക്കാരെ കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നിരുന്നു. സ്നാപ്, സ്പോട്ടിഫൈ, കോയിന്‍ബേസ്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ കമ്പനികളും വന്‍തോതില്‍ ജീവനക്കാരെ ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്.
അണ്‍അക്കാദമി 350 പേരെ പിരിച്ചുവിട്ടു
ബംഗളുരു: എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ അണ്‍അക്കാദമി 350 പേരെക്കൂടി പിരിച്ചുവിട്ടു. ഈ വര്‍ഷം രണ്ടാംതവണയാണ് ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നത്. പത്തുശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും ജീവനക്കാരോട് മാപ്പുപറയുന്നതായും അണ്‍അക്കാദമി സഹസ്ഥാപകന്‍ ഗൗരവ് മുന്‍ജാല്‍ ട്വിറ്ററില്‍ പറഞ്ഞു.
ബംഗളുരു ആസ്ഥാനമായ കമ്പനിക്ക് 340 കോടി ഡോളറിന്റെ ആസ്തിയുണ്ട്. നഷ്ടത്തിലായതിനെത്തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ആയിരം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
നേരത്തെ രാജ്യത്തെ മറ്റൊരു എഡ്യുടെക് സ്ഥാപനമായ ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഓഫീസിന്റെ പ്രവര്‍ത്തനവും നിര്‍ത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തി കമ്പനിയുടെ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
English Summary: Mass dismissal in Meta; Thousands will lose their jobs
You may also like this video