Site icon Janayugom Online

ടിസ്സില്‍ കൂട്ടപ്പിരിച്ചുവിടല്‍; പ്രതിഷേധത്തിനൊടുവില്‍ പിന്‍വലിച്ചു

TISS

അധ്യാപക-അനധ്യാപക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്). വന്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ നടപടി പിന്‍വലിച്ചു.
55 അധ്യാപകരെയും അറുപതിനടുത്ത് അനധ്യാപക ജീവനക്കാരെയുമാണ് ടിസ് വെള്ളിയാഴ്ച പുറത്താക്കിയത്. ടിസിന്റെ വിവിധ ക്യാമ്പസുകളിലായി ഒരു ദശാബ്ദത്തിലേറെ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്നവരും പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ശമ്പളം നൽകുന്ന ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽനിന്ന് ഗ്രാന്റ് ലഭിക്കാത്തതാണ് പിരിച്ചുവിടലിന് കാരണമായി ടിസ്സ് അധികൃതർ പറഞ്ഞത്. നടപടിയെ അപലപിച്ച് ടിസ്സിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ പ്രോഗ്രസിവ് സ്റ്റുഡന്റസ് ഫോറം രംഗത്തെത്തിയിരുന്നു. 

പിരിച്ചുവിട്ട അധ്യാപകരിൽ 20 പേർ മുംബൈ, 15 പേർ ഹൈദരാബാദ്, 14 പേർ ഗുവാഹട്ടി, ആറുപേർ തുൾജാപൂർ എന്നീ ക്യാമ്പസുകളിൽ നിന്നുള്ളവരാണ്. 2023 ജൂണിലാണ് കേന്ദ്രത്തിൽനിന്ന് 50 ശതമാനത്തിലധികം ധനസഹായം സ്വീകരിക്കുന്ന മറ്റ് കൽപ്പിത സർവകലാശാലകൾക്കൊപ്പം ടിസ്സിനെ കേന്ദ്ര സർക്കാരിന്റെ നിയമന പരിധിയിൽ കൊണ്ടുവന്നത്. അതിനുപിന്നാലെ നടത്തിയ കൂട്ടപിരിച്ചുവിടലിന് പക്ഷേ അതുമായി ബന്ധമൊന്നുമില്ലെന്നാണ് ടിസ്സ് അധികൃതരുടെ വാദം. യുജിസി സ്ഥിരം ഫാക്കൽറ്റികളല്ലാത്തവര്‍ക്കെതിരെയായിരുന്നു നടപടി.
കരാർ ജീവനക്കാരുടെ ശമ്പള ആവശ്യങ്ങൾക്കായി ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്നുള്ള ഗ്രാന്റ് അനുവദിക്കുന്നതിന് നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നായിരുന്നു ടിസ് രജിസ്ട്രാർ അനിൽ സുടാറിന്റെ വിശദീകരണം. തങ്ങളുടെ വാർഷിക കരാർ 2024 മേയ് മാസം അവസാനിച്ചെങ്കിലും, ഈ മാസമാദ്യം ടാറ്റ ട്രസ്റ്റ് ഫണ്ടിങ് പുതുക്കുന്നതുവരെ ജോലിയിൽ തുടരാൻ അഭ്യർഥിച്ച് മെയിൽ അയച്ചിരുന്നുവെന്ന് 11 വർഷമായി ജോലിചെയ്യുന്ന ടിസ് ഗുവാഹട്ടി ക്യാമ്പസിൽനിന്ന് പിരിച്ചുവിടപ്പെട്ട അധ്യാപകൻ പറയുന്നു. എന്നാൽ പെട്ടെന്ന് നോട്ടീസ് പീരീഡ് പോലും നൽകാതെയാണ് നിലവിലെ നടപടികളെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിനെ ഗ്രാന്റിനായി നിരവധി തവണ സമീപിച്ചുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു.ശമ്പള ഗ്രാന്റുകൾ അവസാനിപ്പിക്കുന്നുവെന്ന് യാതൊരു അറിയിപ്പും അവരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല എന്നും അധികൃതർ പറയുന്നു. ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിന് കത്തെഴുതിയിട്ടുണ്ടെന്നും ഗ്രാന്റുകൾ ലഭിക്കുകയാണെങ്കിൽ പിരിച്ചുവിട്ട നടപടി പിൻവലിക്കാമെന്നും ആക്ടിങ് വൈസ് ചാൻസലർ പ്രൊഫ മനോജ് തിവാരി അറിയിച്ചിരുന്നു. പിന്നീട് ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റ് 4.79 കോടി അനുവദിച്ചതായും പിരിച്ചുവിടല്‍ നടപടി പിന്‍വലിച്ചതായും ടിസ്സ് അറിയിച്ചു. 

Eng­lish Sum­ma­ry: Dis­so­lu­tion in Tata Insti­tute of Social Science

You may also like this video

Exit mobile version