Site iconSite icon Janayugom Online

ടിസിഎസില്‍ കൂട്ടപിരിച്ചുവിടല്‍; 12,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കും

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു. അടുത്ത വർഷത്തോടെ 12,000‑ത്തിലധികം ജീവനക്കാരെ ഒഴിവാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് കെ കൃതിവാസൻ മണി കണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2026 സാമ്പത്തിക വർഷത്തിൽ രണ്ട് ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യം. സീനിയര്‍ വിഭാഗത്തിലുള്ളവരെയായിരിക്കും പ്രധാനമായും കൂട്ടപ്പിരിച്ചുവിടല്‍ ബാധിക്കുകയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ടിസിഎസിനെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഐടി സേവന മേഖല വലിയ പരിവർത്തനത്തിന് വിധേയമാകുകയാണെന്ന് കൃതിവാസൻ പറയുന്നു. 

പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് കൃത്രിമ ബുദ്ധി രംഗത്തെ വികസനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഓരോ കമ്പനിയും വിജയിക്കണമെങ്കിൽ മികച്ച ഭാവി ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. എഐ ഓപ്പറേറ്റിങ് മോഡലിലേക്ക് കമ്പനി മാറേണ്ടതുണ്ടെന്നും ഇത് കണക്കിലെടുത്ത് നടത്തിയ പുനർവിന്യാസം ചില മേഖലകളിൽ ഫലപ്രദമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്തിമമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായും കൃതിവാസൻ പറഞ്ഞു. താൻ എടുക്കേണ്ടി വന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്നാണെന്നും അദ്ദേഹം തീരുമാനത്തെ വിശേഷിപ്പിച്ചു. 

ടിസിഎസിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ജീവനക്കാരെ ഈ തീരുമാനം ബാധിക്കും. ജൂണിൽ അവസാനിച്ച ഏറ്റവും പുതിയ പാദത്തെ കണക്കുകളനുസരിച്ച് ടിസിഎസിന് 6,13,000 ജീവനക്കാരുണ്ട്. അതേസമയം ഇടപാടുകാര്‍ക്ക് സേവനം നൽകുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ ശ്രദ്ധയോടെയായിരിക്കും പിരിച്ചുവിടലെന്നും ടിസിഎസ് ഉറപ്പുനൽകി. ഇന്ത്യയുടെ 283 ബില്യൺ ഡോളറിന്റെ ഔട്ട്‌സോഴ്‌സിങ് മേഖല വന്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടിസിഎസിന്റെ കൂട്ട പിരിച്ചുവിടലെന്നതും ശ്രദ്ധേയം. രാജ്യത്തെ ആറ് മുൻനിര ഐടി കമ്പനികൾ ഏപ്രിൽ‑ജൂൺ കാലയളവിൽ 3,847 ജീവനക്കാരെ മാത്രമേ പുതുതായി ചേർത്തിട്ടുള്ളൂവെന്ന് കഴിഞ്ഞദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇത് കഴിഞ്ഞ പാദത്തിലെ 13,935 നിയമനങ്ങളിൽ നിന്ന് 72% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും വലിയ രണ്ട് സോഫ്റ്റ്‌വേർ സേവന ദാതാക്കളായ ടിസിഎസും ഇൻഫോസിസും മാത്രമാണ് ജീവനക്കാരെ നിയമിച്ചത്. മറ്റ് നാല് കമ്പനികളായ എച്ച്‌സി‌എൽ‌ടെക്, വിപ്രോ, ടെക്‌എം, എൽ‌ടി‌ഐ‌എം‌ഡ്‌ട്രീ എന്നിവ സംയുക്തമായി അവരുടെ തൊഴിൽ ശക്തിയില്‍ 1,423 പേരുടെ കുറവ് വരുത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

Exit mobile version