അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ആഭ്യന്തര കലാപത്തെ തുടർന്ന് കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേർ കൊലചെയ്യപ്പെട്ടു. ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുഡാൻ സായുധ സേനയും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന സംഘടനയും തമ്മിലാണ് അധികാരത്തിനായി പോരടിക്കുന്നത്. സുഡാൻ സായുധ സേനയുടെ കൈവശമുണ്ടായിരുന്ന എല്‍ ഫാഷര്‍ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് വീണ്ടും ഏറ്റുമുട്ടൽ ശക്തമായത്. കഴിഞ്ഞ ഞായറാഴ്ചയാണ് പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ എല്‍ ഫാഷറിനെ ആര്‍എസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരത അരങ്ങേറിയത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് റാപ്പിഡ് സപ്പോർട് ഫോഴ്സ് അതിക്രൂരമായി കൊല ചെയ്യുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. 5 ശതമാനം ക്രിസ്ത്യാനികളും 5 ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. കൂട്ടക്കൊല തുടരുകയാണെങ്കിലും അന്താരാഷ്ട്രതലത്തിൽ വലിയ ഇടപെടലുകൾ ഉണ്ടായിട്ടില്ല. അൽ‑ഫാഷറിലെ സൗദി മെറ്റേണിറ്റി ആശുപത്രിയിൽ 460 രോഗികളെയും കൂട്ടിരിപ്പുകാരെയും കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
സുഡാനിൽ കൂട്ടക്കുരുതി; കുട്ടികളടക്കം 2000 പേരെ നിരത്തി നിർത്തി വെടിവെച്ച് കൊന്നു

