യമുന എക്സ്പ്രസ് വേയിൽ നിറുത്തിയിട്ടിരുന്ന ബസിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ 2.45ഓടെ സുരീർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. നോയിഡയിൽ നിന്ന് കാൺപൂരിലെ റസൂലാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ ഒരാൾക്ക് മൂത്രമൊഴിക്കാൻ സൗകര്യം ഒരുക്കുന്നതിനായി ഡ്രൈവർ ബസ് റോഡരികിൽ നിറുത്തിയപ്പോഴായിരുന്നു അപകടം. ഗ്രീൻ സോണിൽ നിറുത്തുന്നതിന് പകരം എക്സ്പ്രസ് വേയിൽ തന്നെ ബസ് നിറുത്തുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന കണ്ടെയ്നർ ട്രക്ക് ബസിൻ്റെ വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഒരാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും ട്രക്ക് ഡ്രൈവറും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
യമുന എക്സ്പ്രസ് വേയിൽ വൻ അപകടം; നിറുത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി ആറ് മരണം

