Site iconSite icon Janayugom Online

വര്‍ക്ക് ഷോപ്പില്‍ വന്‍ അഗ്നിബാധ: വാഹനങ്ങളും കെട്ടിടവും കത്തിനശിച്ചു

പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ഒരാടംപാലത്ത് പെയിന്റിംങ് വര്‍ക്ക്ഷോപ്പില്‍ വന്‍ അഗ്നിബാധ. സുസുക്കി ഷോറുമിന് എതിര്‍വശത്തുള്ള സജ്ന ഓട്ടോ കെയര്‍ മോട്ടോര്‍ പെയിന്റിംങ് വര്‍ക്ക് ഷോപ്പിലാണ് അഗ്നിബാധ ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10മണിയോടെയാണ് സംഭവം.വർക്ക് ഷോപ്പിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലെ ഡ്രൈവറാണ് തീപ്പിടുത്തം ആദ്യം അറിഞ്ഞത്. റിപ്പയറിനായി എത്തിച്ച വാഹനങ്ങളിൽ തീ പടരുകയായിരുന്നു. 

വാഹന ടാങ്കുകളിൽ ഉണ്ടായിരുന്ന ഇന്ധനം കത്തി പടർന്നത് വലിയ ഭീഷണി ഉയർത്തി. അഞ്ചു കാറുകളും ഒമ്പത് ബൈക്കുകളും കെട്ടിടവും പൂർണ്ണമായും കത്തി നശിച്ചു. പെട്രോൾ പമ്പും, വ്യാപാര സ്ഥാപനങ്ങളും, ഹോട്ടലും പ്രവർത്തിക്കുന്ന മേഖലയിലാണ് അഗ്നിബാധയുണ്ടായത്. ചാർജ് ചെയ്യാൻ നിർത്തിയ ഇലക്ട്രിക് സ്കൂട്ടറിൽ നിന്നാണ് തീ പടർന്നത് എന്ന്‌ സംശയിക്കുന്നു. പെരിന്തൽമണ്ണ, മലപ്പുറം ഫയർ സ്റ്റേഷനുകളിൽ നിന്നും രണ്ടു വീതം ഫയർ എൻജിൻ യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ പ്രയത്നിച്ചതിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫീസർ സി ബാബുരാജൻ, എസ് എഫ് ആർ ഒ സജിത്ത്, സിവിൽ ഡിഫൻസ് വിങ്ങിന്റെ ഡപ്യൂട്ടി ഡിവിഷൻ വാർഡൻ വി അൻവർ, പോസ്റ്റ് വാർഡൻ സി ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. 

Exit mobile version