Site icon Janayugom Online

ഇന്ത്യക്കാരുടെ ആരോഗ്യ പരിപാലന ചെലവില്‍ വന്‍വര്‍ധന

doctors

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ ആരോഗ്യത്തിനും ശരീര പരിപാലനത്തിനുമായി ചെലവഴിക്കുന്ന തുകയില്‍ വലിയ വര്‍ധനയുണ്ടായി. ‍ഡയറ്റീഷ്യന്മാര്‍ക്കായി ചെലവാക്കുന്ന തുകയില്‍ 125 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനങ്ങളുടെ സാമ്പത്തിക, നിക്ഷേപ ശീലങ്ങള്‍ വര്‍ധിച്ചുവെന്നും സാമ്പത്തിക അവലോകന സ്ഥാപനമായ റേസര്‍പേ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഏപ്രില്‍ മുതല്‍ 24 മാര്‍ച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെല്‍ത്ത്, വെല്‍നെസ്, വാണ്ടര്‍ലസ്റ്റ് എന്ന പേരിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തെക്കാള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ 86 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ട്രേഡിങ്ങിലുള്ള താല്പര്യത്തിലും വര്‍ധനവുണ്ടായി. ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നതും 56 ശതമാനം വര്‍ധിച്ചു. ഇന്ത്യക്കാര്‍ അവധിക്കാല പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും കഴി‍ഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചു. മള്‍ട്ടിപ്ലക്സ് ഇടപാടുകളില്‍ 42 ശതമാനം വര്‍ധനവുണ്ടായി. ജവാന്‍, ബാര്‍ബി, ഒപ്പന്‍ഹൈമര്‍ തുടങ്ങിയ സിനിമകളെല്ലാം നേട്ടത്തിന്റെ ഭാഗമായി. ടിക്കറ്റ് ബുക്കിങ്ങില്‍ 2.7 മടങ്ങ് വര്‍ധന രേഖപ്പെടുത്തി. 

യാത്ര ചെയ്യുന്നതിനും യാത്രയ്ക്കിടെ തങ്ങുന്നതിനും കൂടുതല്‍ പണം ചെലവഴിച്ചു. യാത്രാ ചെലവ് 2.4 ശതമാനം വര്‍ധിച്ചു. യാത്രയ്ക്കിടെയുള്ള താമസത്തിന് 29 ശതമാനം അധിക തുകയും വിനിയോഗിച്ചു. ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്കായി വലിയ തുകയാണ് ചെലവാക്കുന്നത്.
ഏറ്റവും കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത് പുതുവത്സര ദിനത്തിലാണ്. റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനയുണ്ടായി. പ്രത്യേക ദിവസങ്ങളിലെ ചെലവാക്കല്‍ രീതികളെക്കുറിച്ചും റേസര്‍പേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ബുക്ക്സ്റ്റാളുകളില്‍ മറ്റ് ദിവസങ്ങളെക്കാള്‍ മൂന്നിരട്ടി തിരക്ക് കൂടുതലായിരുന്നു. ഇന്ത്യ, ഓസ്ട്രേലിയ ലോകകപ്പ് മത്സരം നടന്ന നവംബര്‍ 19ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10വരെ കാര്‍ടാക്സി പേയ‌്മെന്റുകള്‍ 28 ശതമാനം ഇടിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഈ സമയം ടെലിവിഷന് മുന്നില്‍ കാത്തിരുന്നത്. 

Eng­lish Sum­ma­ry: Mas­sive increase in health care expen­di­ture of Indians
You may also like this video

Exit mobile version